ലഖ്നോ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലികൊന്നു. പരോളിലിറങ്ങിയ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദയാണ് കഴിഞ്ഞ ദിവസം 23 കുട്ടികളെയും സ്ത്രീയെയും ബന്ദികളാക്കിയത്. വീട് വളഞ്ഞ പൊലീസ് നീണ്ട 10 മണിക്കൂറുകൾക്ക് ശേഷം ഇയാളെ വധിച്ച് ബന്ദികളെ മോചിപ്പിച്ചിരുന്നു.
പൊലീസ് നടപടി അവസാനിച്ച ശേഷം നാട്ടുകാർ അക്രമിയുടെ ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അക്രമി കുട്ടികളെ ബന്ദിയാക്കിയ സംഭവത്തിൽ ഭാര്യക്കും പങ്കുണ്ടെന്നാരോപിച്ച് ജനക്കൂട്ടം ഇവരെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. മർദനത്തിനും കല്ലേറിലും ഇവരുടെ ശരീരം മുഴുവൻ പരിക്കേറ്റിരുന്നു. പൊലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും മൃതദേഹം പോസ്മോർട്ടം ചെയ്ത ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂയെന്നും കാൺപൂർ റേഞ്ച് ഐ.ജി മോഹിത് അഗർവാൾ പറഞ്ഞു.
ഒരു കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബദ്ദ അടുത്തിടെയാണ് പരോളിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി സമീപത്തുള്ള കുട്ടികളെ ഇയാൾ വീട്ടിലേക്ക് ക്ഷണിക്കുകയും തോക്ക് ചൂണ്ടി ഇവരെ ബന്ദികളാക്കുകയുമായിരുന്നു.
ബദ്ദയുടെ ഭാര്യയും ഒരു വയസ്സുള്ള മകളും ബന്ദിയാക്കപ്പെട്ടിരുന്നു.
ജന്മദിനാഘോഷ ചടങ്ങിനെത്തിയ കുട്ടികൾ മടങ്ങിവരാത്തതിനെ തുടർന്ന് അയൽവാസികൾ വീടിന്‍റെ വാതിലിൽ മുട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തോക്കും ഗ്രനേഡും ഉൾപ്പടെയുള്ള ആയുധങ്ങളുമായി ആക്രമത്തിന് തുനിഞ്ഞ പ്രതിയെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വീടിന് പുറത്ത് തടിച്ച് കൂടിയവർക്ക് എതിരെയും സുഭാഷ് ബദ്ദ വെടിയുതിർത്തിരുന്നു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. തുടർന്ന് ബന്ദിക്കളെ മോചിപ്പിക്കാൻ വീട് വളഞ്ഞ് പൊലീസ് നടത്തിയ ഓപ്പറേഷനിൽ പൊലീസ് നടപടിക്കിടെ സുഭാഷ് ബദ്ദ വെടിയേറ്റു മരിച്ചു. ഭീകരവിരുദ്ധ സ്ക്വാഡും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ് ഒാപ്പറേഷൻ നടത്തിയത്.
ബന്ദികളെ സുരക്ഷിതരായി പുറത്തെത്തിക്കുകയും അക്രമിയുടെ മൃതദേഹം നീക്കുകയും ചെയ്ത് പൊലീസ് നടപടി അവസാനിച്ച ശേഷമാണ് ബദ്ദയുടെ ഭാര്യക്കെതിരെ നാട്ടുകാരുടെ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.