ബിജാപൂർ: നാലുദിവസം കാട്ടിലൂടെ സഞ്ചരിച്ച് ചത്തീസ്ഗഢിൽ മാവോവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസുകാരനായ ഭർത്താവിനെ മോചിപ്പിച്ച് സുനിതയെന്ന വീട്ടമ്മ. അത്യന്തം അപകടരമായ ദൗത്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവിെൻറ മോചനത്തിനായി ഒരു സ്ത്രീ ഏതറ്റംവരെയും പോകുമെന്നായിരുന്നു സുനിതയുടെ മറുപടി.
ഈ മാസം ആദ്യവാരമാണ് ബീജാപൂരിലെ ഭോപാൽപട്ടണം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന സന്തോഷ് കട്ടം എന്ന 48കാരനെ ഗൊറോണ ഗ്രാമത്തിൽ നിന്ന് മാവോവാദികൾ തട്ടിക്കൊണ്ടുപോയത്. മേയ് നാലിന് പലചരക്കുസാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയതാണ് അദ്ദേഹം. പിന്നീട് തിരിച്ചുവന്നില്ല.-സുനിത പറഞ്ഞു. ജോലി സംബന്ധമായ കാര്യങ്ങൾക്ക് മുമ്പും ആരോടും പറയാതെ വീട്ടിൽ നിന്ന് വിട്ടുനിൽക്കാറുണ്ട് സന്തോഷ്. അതിനാൽ ആദ്യം സുനിതക്ക് പേടി തോന്നിയില്ല. രണ്ടുദിവസം കഴിഞ്ഞാണ് ഭർത്താവിനെ മാവോവാദികൾ തട്ടിക്കൊണ്ടുപോയ വിവരം അവർ അറിഞ്ഞത്.
തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. സമയം പാഴാക്കാതെ സ്വന്തം നിലക്കും തെരച്ചിൽ തുടങ്ങി. സുകുമ ജില്ലയിലെ ജാഗർഗുണ്ടയിലാണ് സുനിതയുടെ കുടുംബം താമസിക്കുന്നത്. അതിനാൽ മാവോവാദികൾ അവർക്ക് അപരിചിതരല്ല.മാവോവാദികളുടെ താവളമായ ജാഗർഗുണ്ട ഭാഗത്താണ് ഭർത്താവുള്ളതെന്ന് സൂചന ലഭിച്ചയുടൻ ആ ഭാഗത്തുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു.
മേയ് ആറിനാണ് സുനിതയും 14വയസുള്ള മകളും പ്രാദേശിക മാധ്യമപ്രവർത്തകനും ചില ഗ്രാമവാസികളും ചേർന്ന് സന്തോഷിനായി കാട്ടിൽ തിരച്ചിൽ തുടങ്ങിയത്. മറ്റ് രണ്ടുമക്കളെ മുത്തശ്ശിയുടെ അടുത്താക്കിയായിരുന്നു യാത്ര. ബൈക്കിലും കാൽനടയായും സഞ്ചരിച്ചു. നാലുദിവസത്തെ അലച്ചിലിനൊടുവിൽ സന്തോഷിനെ കണ്ടെത്തി. ഗ്രാമവാസികളും സുനിതയും സന്തോഷിനെ വിട്ടയക്കണമെന്ന് അപേക്ഷിച്ചു. മാവോവാദികളുമായി അനുനയ സംഭാഷണം നടത്തിയതിനെതുടർന്ന് പിറ്റേന്ന് ജൻ അദാലത്ത് നടത്തി സന്തോഷിനെ വിട്ടുകൊടുത്തു. പൊലീസിൽ സേവനം തുടരരുതെന്ന മുന്നറിയിപ്പോടെയാണ് സന്തോഷിനെ മോചിപ്പിച്ചത്. മേയ് 11ന് ബീജാപുരിൽ തിരിച്ചെത്തിയ സന്തോഷിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.