മുംബൈ: ഉച്ചഭാഷിണി വിഷയത്തിൽ വീണ്ടും പ്രകോപനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെ. പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ പാർട്ടി പ്രവർത്തകർ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ കീർത്തനം പാടിക്കുമെന്ന് രാജ് താക്കറെ ഭീഷണി മുഴക്കി.
നേരത്തെ, മേയ് മൂന്നിനകം പള്ളികളിൽനിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് അദ്ദേഹം മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇത് മതപരമായ പ്രശ്നമല്ല, സാമൂഹിക പ്രശ്നമാണെന്നും ക്ഷേത്രത്തിനുള്ളിലെ ഉച്ചഭാഷിണിയും ഇതോടൊപ്പം നീക്കം ചെയ്യണമെന്നും താക്കറെ ആവശ്യപ്പെട്ടു.
മസ്ജിദുകളിൽ മാത്രമല്ല, നിരവധി ക്ഷേത്രങ്ങളിലും നിയമവിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ട്. ഞാൻ പ്രാർഥനക്ക് എതിരല്ല. പക്ഷേ നിങ്ങൾക്ക് എന്തിനാണ് ഉച്ചഭാഷിണികളും മൈക്കുകളും? എന്തുകൊണ്ടാണ് നിങ്ങളുടെ പ്രാർഥനകൾ കേൾക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഭൂരിഭാഗം മസ്ജിദുകളും അനധികൃതമാണ്. അതിന് മുകളിലുള്ള ഉച്ചഭാഷിണികളും അനധികൃതമാണ്. അനുമതി നൽകുന്നതോടെ നിങ്ങൾ അതിന് അംഗീകാരം നൽകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി മാനദണ്ഡങ്ങൾ മറികടന്ന് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന പള്ളികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്‍റെ പാർട്ടി പ്രവർത്തകരെ മാത്രമാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.