അവസരം ലഭിച്ചാൽ ‘ഇൻഡ്യാ’ സഖ്യത്തെ നയിക്കാൻ തയാറെന്ന് മമത

ന്യൂഡൽഹി: പ്രതിപക്ഷ ‘ഇൻഡ്യാ’ സഖ്യത്തി​ന്‍റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവസരം ലഭിച്ചാൽ സഖ്യത്തി​ന്‍റെ ചുമതല ഏറ്റെടുക്കാനുള്ള ത​ന്‍റെ ഉദ്ദേശ്യം അവർ സൂചിപ്പിക്കുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രിയായി തുടരുമ്പോൾ തന്നെ പ്രതിപക്ഷ മുന്നണിയുടെ ഇരട്ട ഉത്തരവാദിത്തം തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ഞാൻ ഇൻഡ്യാ ബ്ലോക്ക് രൂപീകരിച്ചിരുന്നു. ഇപ്പോൾ അത് കൈകാര്യം ചെയ്യേണ്ടത് മുന്നണിക്ക് നേതൃത്വം നൽകുന്നവരാണ്. അവർക്കത് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാനെന്തുചെയ്യും? എല്ലാവരെയും ഒപ്പം കൊണ്ടുപോകണമെന്നാണ് പറയാനുള്ളത്’-ബംഗാളി വാർത്താ ചാനലായ ന്യൂസ് 18 ബംഗ്ലാക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ശക്തമായ ബി.ജെ.പി വിരുദ്ധ ശക്തിയെന്ന നിലയിലുള്ള യോഗ്യത കണക്കിലെടുത്ത് എന്തുകൊണ്ടാണ് സഖ്യത്തി​ന്‍റെ ചുമതല ഏറ്റെടുക്കാത്തത് എന്ന ചോദ്യത്തിന്, അവസരം ലഭിച്ചാൽ അതി​ന്‍റെ സുഗമമായ പ്രവർത്തനം താൻ ഉറപ്പാക്കുമെന്നായിരുന്നു മറുപടി. ‘എനിക്ക് ബംഗാളിന് പുറത്തേക്ക് പോകാൻ താൽപര്യമില്ല. പക്ഷേ, എനിക്ക് ഇവിടെ നിന്നും ഓടിക്കാനാവും’- അവർ പറഞ്ഞു.

ബി.ജെ.പിയെ നേരിടാൻ രൂപീകരിച്ച ‘ഇൻഡ്യാ’ ബ്ലോക്കിൽ ഇരുപതിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്നു. എങ്കിലും ആഭ്യന്തരമായ അഭിപ്രായ ഭിന്നതയും ഏകോപനമില്ലായ്മയും വിവിധ കോണുകളിൽ നിന്ന് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. തൃണമൂൽ എം.പിയായ കല്യാൺ ബാനർജി കോൺഗ്രസിനോടും മറ്റ് ‘ഇൻഡ്യാ’ ബ്ലോക്ക് സഖ്യകക്ഷികളോടും അവരുടെ അഹന്ത മാറ്റിവച്ച് മമത ബാനർജിയെ പ്രതിപക്ഷ സഖ്യത്തി​ന്‍റെ നേതാവായി അംഗീകരിക്കാൻ ആഹ്വാനം ചെയ്തതിന് ദിവസങ്ങൾക്കുശേഷമാണ് ഇവരുടെ പരാമർശം.

ആർ.ജി കാർ മെഡിക്കൽ കോളജ് പ്രതിഷേധം പോലുള്ള വിവാദങ്ങളിൽ കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷ പ്രചാരണങ്ങൾക്കിടയിലും ബി.ജെ.പിക്ക് കനത്ത ആഘാതമേൽപിച്ച് തൃണമൂലി​ന്‍റെ സമീപകാല ഉപതെരഞ്ഞെടുപ്പ് വിജയങ്ങൾ പശ്ചിമ ബംഗാളിൽ പാർട്ടിയുടെ ആധിപത്യം ശക്തിപ്പെടുത്തി. എന്നാൽ, ഇൻഡ്യാ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് മഹാരാഷ്ട്രയിൽ വലിയ തിരിച്ചടികൾ നേരിട്ടു. ഇതിനിടയിലാണ് സഖ്യത്തി​ന്‍റെ കടിഞ്ഞാൺ ഏറ്റെടുക്കാൻ തയ്യാറാണെന്ന വിധത്തിൽ മമതയുടെ പരാമർശം.

Tags:    
News Summary - Willing to lead INDIA bloc if I get an opportunity: Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.