ഹൈദരബാദ്: 2024ലെ പൊതു തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്രസമിതി തലവനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ഇന്ന് ദേശീയ പാർട്ടി പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. തെലങ്കാന ഭവനിൽ നടക്കുന്ന ടി.ആർ.എസിന്‍റെ യോഗത്തിലായിരിക്കും പ്രഖ്യാപനം.
ക്രിസ്ത്യൻ നേതാക്കൾ ടി.ആർ.എസിന് പിന്തുണ നൽകുകയും ദേശീയ രംഗത്തേക്കുള്ള പ്രവേശനത്തിന് മുഖ്യമന്ത്രിക്ക് ആശംസകൾ നേരുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിസാമാബാദ് സി.എസ്.ഐ ചർച്ചിൽ സഭയിലെ നിരവധി ക്രിസ്ത്യൻ നേതാക്കൾ പിന്തുണ അറിയിച്ചുകൊണ്ട് പ്രമേയം പാസാക്കി.
ദൈവത്തിന്റെ അനുഗ്രഹം കെ.സി.ആറിനൊപ്പമുണ്ടെന്ന് പ്രൊട്ടസ്റ്റന്റ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ സൊസൈറ്റിയുടെ ബിഷപ്പ് എ.സി സോളമൻ രാജ് പറഞ്ഞു. "ഞങ്ങൾ എല്ലാവരും അദ്ദേഹത്തിനൊപ്പമുണ്ട്. രാജ്യത്തിന് ഇന്ന് ആവശ്യം കെ.സി.ആറിനെ പോലുള്ള നേതാക്കളെയാണ്. ഇന്ത്യ മതേതരമായി തുടരണമെങ്കിൽ കെ.സി.ആറിന്റെ നേതൃത്വം ആവശ്യമാണ്"- ബിഷപ്പ് പറഞ്ഞു.
പാർട്ടിയുടെ ജനറൽ ബോഡി യോഗം വിജയദശമി ദിനത്തിൽ രാവിലെ 11ന് തെലങ്കാന ഭവനിൽ നടക്കുമെന്ന് ടി.ആർ.എസ് നേരത്തെ അറിയിച്ചിരുന്നു. മുനുഗോട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗത്തെ ബാധിക്കില്ലെന്നും അംഗങ്ങൾ ആശയക്കുഴപ്പത്തിലാകേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചതുപോലെ ഒക്‌ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് തെലങ്കാന ഭവനിൽ ജനറൽ ബോഡി യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.