ഹൈദരാബാദ്: പ്രചാരണത്തിനെത്തിയ ബി.ജെ.പി സ്ഥാനാർഥിയെ ആലിംഗനം ചെയ്ത വനിത അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഹൈദരാബാദിലെ സെയ്ദാബാദ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയാണ് സസ്പെൻഷനിലായത്. പ്രചാരണത്തിനിടെ ജനമധ്യത്തിൽ ഹൈദരാബാദ് പാർലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാർഥി മാധവി ലതയെ എ.എസ്.ഐ ആലിംഗനം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമീഷണർ കെ. ശ്രീനിവാസ റെഡ്ഡി ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
മാധവി ലതയുടെ പ്രചാരണത്തിന്റെ സുരക്ഷാ സംഘത്തിൽ ജോലി ചെയ്യുകയായിരുന്നു വനിത എ.എസ്.ഐ. സ്ഥാനാർഥിയുടെ അടുത്ത് നിൽക്കുകയായിരുന്ന അവർ പെട്ടെന്ന് സ്ഥാനാർഥിക്കരികിലേക്ക് വന്ന് ഹസ്തദാനം നൽകിയതിനുശേഷം ആലിംഗനം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ വിധേയമായി ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഹൈദരാബാദ് പാർലമെന്റ് മണ്ഡലത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തിലെ സിറ്റിങ് എം.പിയായ ഉവൈസി കഴിഞ്ഞ തവണ രണ്ടുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ഹൈദരാബാദിലെ വിരിഞ്ചി ഹോസ്പിറ്റൽസ് മേധാവിയായ മാധവി ലത രാഷ്ട്രീയ വൃത്തങ്ങളിൽ അത്ര അറിയപ്പെടുന്ന ആളല്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചപ്പോഴാണ് ഇവരെക്കുറിച്ച് വോട്ടർമാരിൽ മിക്കവരും അറിയുന്നത്. നാലാംഘട്ടമായ മെയ് 13നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.