മോദിയുടെ പ്രസം​ഗങ്ങൾ വിഭാ​ഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത്; ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരാളുമായി സഖ്യത്തിനില്ല - ശരദ് പവാർ

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം പാർലമെന്ററി ജനാധിപത്യം ഭീഷണിയിലാണെന്നും അതിൽ വിശ്വസിക്കാത്തവരുമായി സഖ്യത്തിലെത്താൻ താത്പര്യമില്ലെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. കോൺഗ്രസുമായി ലയിച്ച് മരിക്കുന്നതിന് പകരം അജിത് പവാറിനും ഏക്‌നാഥ് ഷിൻഡെയ്ക്കും ഒപ്പം ചേരാൻ ശിവസേന (യു.ബി.ടി), എൻ.സി.പി തുടങ്ങിയ പാർട്ടികളോട് മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പവാറിന്റെ പരാമർശം.

"ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കേന്ദ്ര സർക്കാരിൻ്റേയും കേന്ദ്ര നേതൃത്വത്തിൻ്റേയും പങ്കില്ലാതെ ഇത് നടപ്പാകില്ല. ഇത് ജനാധിപത്യത്തിൽ അവർക്കുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നത്. സമീപകാലത്ത് പ്രധാനമന്ത്രിയുടെ പ്രസം​ഗങ്ങൾ പല വിഭാ​ഗങ്ങൾക്കിടയിൽ ഭിന്നത സ‍ൃഷ്ടിക്കുന്നതാണ്. രാജ്യതാൽപ്പര്യത്തിന് നിരക്കാത്ത കാര്യങ്ങൾ എവിടെയാണെങ്കിലും, ഞാനോ എൻ്റെ സഹപ്രവർത്തകരോ തുനിയുകയില്ല," പവാർ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരാളുമായോ പാർട്ടിയുമായോ പ്രത്യയശാസ്ത്രവുമായോ തനിക്ക് ഒത്തുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പൊതുജനാഭിപ്രായം ക്രമേണ മാറാൻ തുടങ്ങി. അതിനാലാണ് അദ്ദേഹം അസ്വസ്ഥനാകുന്നതെന്നും ഈ അസ്വസ്ഥതയാണ് അദ്ദേഹത്തിൻ്റെ പ്രസം​ഗങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്നും പവാർ കൂട്ടിച്ചേർത്തു.

മുസ്ലിങ്ങൾക്കുള്ള സംവരണം അവസാനിപ്പിച്ച് പട്ടികജാതി, പട്ടിത വർ​ഗ വിഭാ​ഗക്കാർക്ക് സംവരണം നൽകുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇത്തരം വിഭാ​ഗങ്ങൾക്ക് സംവരണം അനുവദിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ അധികാരത്തിലിരിക്കുന്ന ഒരാൾക്ക് ഒരു പ്രത്യേക വിഭാ​ഗത്തിനെതിരെ നിലപാടെടുക്കാൻ സാധിക്കുന്നത് എങ്ങനെയാണെന്നും പവാർ ചോദിച്ചു. 

Tags:    
News Summary - Won't Ally With Those Who Don't Believe In Parliamentary Democracy says Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.