കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മദൻ മിത്ര. പ്രതികളെ ഒരു പാഠം പഠിപ്പിക്കാൻ പത്ത് മിനിറ്റ് പോലും വേണ്ടെന്ന് മിത്ര പറഞ്ഞു. കമർഹട്ടി നിയോജക മണ്ഡലത്തിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് മറുപടി കൊടുക്കാൻ ടി.എം.സിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് അവർ മനസ്സിലാക്കണമെന്നും എന്നാൽ തൽക്കാലം അതിന് മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്ന് അനുമതി ലഭിച്ചാൽ സർക്കാർ സ്വത്ത് നശിപ്പിച്ച ഗുണ്ടകളെ തല്ലി പാഠം പഠിപ്പിക്കാൻ പത്ത് മിനിറ്റ് പോലുമെടുക്കില്ല. അവരെക്കാൾ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കാൻ ടി.എം.സിക്ക് സാധിക്കും- മദൻ മിത്ര പറഞ്ഞു. രണ്ട് പേരെ പറഞ്ഞ് വിട്ട് അക്രമികളെ ബോംബ് എറിഞ്ഞ് പരിക്കേൽപ്പിക്കാം. പക്ഷെ ഞങ്ങൾ അത് ചെയ്യില്ല. അക്രമമല്ല വികസനമാണ് ഞങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 13ന് പശ്ചിമബംഗാൾ സെക്രട്ടേറിയറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. മാർച്ചിനിടെ പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, എം.പി ലോക്കറ്റ് ചാറ്റർജി, രാഹുൽ സിൻഹ തുടങ്ങി നിരവധി ബി.ജെ.പി നേതാക്കളെ മാർച്ചിനിടെ തടഞ്ഞുവെച്ചു. അക്രമത്തിൽ 20 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.