വാക്കുകൾക്ക് വിലക്ക് വിമർശനം ഭയന്നോ? 'അൺപാർലമെന്ററി' പട്ടികക്കെതിരെ പരക്കെ ആക്ഷേപം

ഡല്‍ഹി: പാര്‍ലമെന്‍റില്‍ 65 വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയത് മോദി സർക്കാറിനെതിരായ വിമർശനം തടയാനെന്ന് പരക്കെ ആക്ഷേപം. അഴിമതിക്കാരൻ, സ്വേച്ഛാധിപതി, മുതലക്കണ്ണീർ, അരാജകവാദി, മന്ദബുദ്ധി, കുരങ്ങൻ, കോവിഡ് വാഹകൻ, കഴിവില്ലാത്തവൻ, കുറ്റവാളി, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, ഗുണ്ട, നാട്യം, ശകുനി ഉൾപ്പെടെയുള്ള വാക്കുകളാണ് 'അൺപാർലമെന്ററി' എന്ന പേരിൽ വിലക്കിയത്. നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾക്കാണ് തടയിട്ടതെന്നാണ് പ്രധാന ആക്ഷേപം.

തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭ സെക്രട്ടേറിയറ്റാണ് വിലക്കുള്ള വാക്കുകളുടെ പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളിൽനിന്ന് നീക്കംചെയ്യാനും നിർദേശമുണ്ട്. രാജ്യസഭ ചെയർമാനും ലോക്‌സഭ സ്പീക്കറുമാണ് ഇതിൽ തീരുമാനമെടുക്കുക.

വാക്കുകൾ വിലക്കിയതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. വാക്കുകള്‍ക്ക് വിലക്കേർപ്പെടുത്തിയത് സർക്കാരിനെ വിമർശിക്കുന്നത് തടയാനാണെന്നാണ് പ്രതിപക്ഷ ആരോപണം. ''മോദി സർക്കാറിന്റെ യാഥാർഥ്യത്തെ വിവരിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും ഇപ്പോൾ 'അൺപാർലമെന്ററി' ആയി കണക്കാക്കപ്പെടുന്നു. ഇനി എന്ത് വിശ്വഗുരു?'' എന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

"എനിക്ക് ലോക്‌സഭയിൽ എഴുന്നേറ്റു നിൽക്കാൻ കഴിയില്ലെന്നും കാപട്യം നിറഞ്ഞ, അപ്രാപ്തരായ സർക്കാർ എങ്ങനെ ഇന്ത്യക്കാരെ ഒറ്റിക്കൊടുത്തുവെന്ന് സംസാരിക്കാനാവില്ലെന്നുമാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?" തൃണമൂൽ എം.പി മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്തു. വിലക്കിയ വാക്കുകള്‍ പാര്‍ലമെന്‍റില്‍ പറയുമെന്ന് തൃണമൂല്‍ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയൻ വ്യക്തമാക്കി. "ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കും. എന്നെ സസ്പെന്‍ഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്" -അദ്ദേഹം ട്വീറ്റ് ചെയ്തു.

പാർലമെന്റ് സമ്മേളിക്കുന്നതിന് മുന്നോടിയായി വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് കൈപ്പുസ്തകം ഇറക്കാറുണ്ട്. അതിലാണ് പാർലമെന്റിൽ ഉപയോഗിക്കാവുന്നതും പാടില്ലാത്തതുമായ വാക്കുകളെക്കുറിച്ച് വിവരങ്ങളുണ്ടാവുക. സഭാരേഖകളിൽനിന്ന് നീക്കം ചെയ്യാനിടയുള്ള വാക്കുകളേക്കുറിച്ചും ഇതിൽ വിശദീകരിക്കാറുണ്ട്. വർഷകാല സമ്മേളനത്തിന് മുന്നോടിയായി പുതുക്കിയ പതിപ്പിലാണ് അറുപത്തഞ്ചോളം വാക്കുകൾ കൂടി ഉൾപ്പെടുത്തിയത്.

Tags:    
News Summary - Words ban in Parliament: Widespread criticism against the 'unparliamentary' list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.