നാഗ്പുർ: ലോകത്താദ്യമായി മുളകൊണ്ടുള്ള ക്രാഷ് ബാരിയർ മഹാരാഷ്ട്രയിലെ ഹൈവേയിൽ സ്ഥാപിച്ചതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. റോഡപകടങ്ങളുടെ തീവ്രത കുറക്കാൻ വശങ്ങളിലും മറ്റും സ്ഥാപിക്കുന്ന ഉരുക്കുകൊണ്ടുള്ള ക്രാഷ് ബാരിയറിനു പകരമാണ് 200 മീറ്റർ നീളത്തിൽ മുളയിൽ തീർത്ത ബാരിയർ സ്ഥാപിച്ചത്.
ചന്ദ്രാപുരിനെയും യവാത്മാലിനെയും ബന്ധിപ്പിക്കുന്ന വാണി-വറോറ ഹൈവേയിലാണ് പുതിയ പരീക്ഷണം നടപ്പാക്കിയത്.
രാജ്യത്തിനും മുളവ്യവസായത്തിനും അഭിമാനാർഹമായ നേട്ടമാണിതെന്നും ഉരുക്കിന് മികച്ച ബദലായ മുള ബാരിയർ പ്രകൃതിസൗഹൃദമാണെന്നും ഗഡ്കരി ട്വിറ്ററിൽ കുറിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായ ഇതിന് ബാഹുബലി എന്ന് പേരിട്ടതായും മന്ത്രി പറഞ്ഞു.
‘‘നാഷനൽ ഓട്ടോമോട്ടിവ് ടെസ്റ്റ് ട്രാക്സ്, സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ റോഡ് കോൺഗ്രസ് തുടങ്ങിയവയുടെ കർശന ഗുണനിലവാര പരിശോധനക്കു ശേഷമാണ് ഇത് അവതരിപ്പിച്ചത്.
ഉരുക്ക് ബാരിയറുകളുടെ പുനരുപയോഗമൂല്യം 30-50 ശതമാനമാണെങ്കിൽ മുളയുടേതിന് 50-70 ശതമാനമാണ്.
ട്രീറ്റ് ചെയ്ത ബാംബൂസ ബാൽകോവ വിഭാഗം മുളയിൽ നിർമിച്ച്, ഹൈ ഡെൻസിറ്റി പോളിഎഥിലീനിൽ ആവരണം ചെയ്താണ് ബാരിയർ നിർമിച്ചത്’’ -ഗഡ്കരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.