വർഗീയ വിദ്വേഷത്താൽ കലാപ കലുഷിതമായ മണിപ്പൂരിൽനിന്ന് മറ്റൊരു ക്രൂരതയുടെ വാർത്തകൂടി പുറത്തുവരുന്നു. ജീവനോടെ ചുട്ടെരിക്കപ്പെട്ട ഏഴ് വയസുകാരൻ ടൻസിങ് ഹാങ്സിങ് എന്ന കുട്ടിയുടെ വാർത്തയാണ് ഏറ്റവും പുതിയത്. മെയ്തി മാതാവിനും കുകി പിതാവിനും ജനിച്ച ടൻസിങിനെ വെടിവച്ചശേഷം കലാപകാരികൾ ചുട്ടെരിക്കുകയായിരുന്നു. ’ദി ക്വിന്‍റ്’ ആണ് ടൻസിങിന്‍റെ കഥ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
‘പപ്പാ, പപ്പാ...എന്നുള്ള വിളി രണ്ടുതവണ ഞാൻ കേട്ടു. എന്നാൽ പിന്നീട് എനിക്കത് കേൾക്കാനായില്ല. എന്‍റെ ഭാര്യ ഒരു മെയ്തേയ് ആയിരുന്നു. എന്നിട്ടും ഞങ്ങളുടെ കുഞ്ഞിന് രക്ഷയുണ്ടായില്ല’-മകന്‍റെ വിയോഗം വിവരിച്ചുകൊണ്ട് പിതാവ് ജോഷ്വ ഹാങ്സിങ് വിതുമ്പി. ജൂൺ നാലിനാണ് ഏഴ് വയസുകാരൻ ടൻസിങ് ഹാങ്സിങ് ഇംഫാലിൽ കൊല്ലപ്പെട്ടത്. ടൻസിങിന്‍റെ മാതാവ് മീന ഹാങ്സിങ് ഒരു മെയ്തേയ് ക്രിസ്ത്യനായിരുന്നു. അവരും കലാപത്തിൽ കൊല്ലപ്പെട്ടു.
‘ഭാര്യയുടെയും മകന്റെയും മരണവാർത്ത കേട്ടപ്പോൾ, എന്റെ മറ്റ് രണ്ട് മക്കളെ അറിയിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ എങ്ങനെയോ അവർക്ക് വിവരം ലഭിച്ചു. വാർത്ത കേട്ടനിമിഷം അവർ ബോധരഹിതരായി’ -നിർത്താതെ കരയുന്നതിനിടെ ഹാങ്സിങ് ദി ക്വിന്റിനോട് പറഞ്ഞു.
‘അവർ മെയ്തേയ് ആയിരുന്നിട്ടും രക്ഷപ്പെട്ടില്ല. 7 വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനും രക്ഷപ്പെട്ടില്ല. ഇതാദ്യമായാണ് ഇത്രയും മനുഷ്യത്വമില്ലായ്മ ഞാൻ കാണുന്നത്. എന്റെ കുടുംബം ആക്രമിക്കപ്പെട്ടപ്പോൾ ആരും സഹായിക്കാൻ എത്തിയില്ല’.
‘എന്റെ ഭാര്യയും അവളുടെ സുഹൃത്തും മെയ്തേയ് ആയിരുന്നതിനാൽ, അവർ (മെയ്തേയ്) അവരോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. മെയ്തികൾ ഇങ്ങനെ പെരുമാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് 4 -5 മെയ്തേയ് വീടുകൾ ഉണ്ട്. പക്ഷേ ഞങ്ങൾ അവരെ ഒന്നും ചെയ്തില്ല. എന്റെ ഭാര്യയോടും മകനോടും ഇതേ രീതിയിൽ പെരുമാറുമെന്ന് ഞാൻ കരുതി. പക്ഷേ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. മെയ്തേയ്കൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി’-ഹാങ്സിങ് ദി ക്വിന്റിനോട് പറഞ്ഞു
അതേസമയം, മണിപ്പൂരിൽ കലാപം ശമനമില്ലാതെ തുടരുകയാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ 1500-ഓളം പേരുടെ പ്രതിഷേധത്തെത്തുടർന്ന് 12 അക്രമണകാരികളെ സൈന്യം വിട്ടയച്ചു. കലാപകാരികളായ കെ.വൈ.കെ.എൽ. (Kanglei Yawol Kanna Lup) പ്രവർത്തകരേയാണ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് സൈന്യം വിട്ടയച്ചത്. പ്രദേശത്ത് നിന്ന് സൈന്യം പിന്മാറിയതായും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതാം ഗ്രാമത്തിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് കലാപകാരികളായ 12 പേരെ പിടികൂടിയത്. എന്നാൽ ശക്തമായ പ്രതിഷേധമാണ് ഇതിന് പിന്നാലെ അരങ്ങേറിയത്. തുടർന്ന്, 'സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്' എന്നുള്ളതിനാൽ സൈന്യം പിന്മാറുകയായിരുന്നു. 'വലിയൊരു കൂട്ടം പ്രതിഷേധക്കാരോട് ഏറ്റുമുട്ടുന്നത് വൻ തോതിൽ അത്യാഹിതങ്ങൾക്കിടയാക്കുമെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടി തങ്ങൾ പിടിച്ച 12 കലാപകാരികളേയും പ്രാദേശിക നേതാക്കൾക്ക് കൈമാറുന്നു' - സൈന്യം വ്യക്തമാക്കി.
കലാപത്തിനിടെ മന്ത്രിയുടെ സ്വകാര്യഗോഡൗൺ തീവ്രവാദികൾ കത്തിച്ചിട്ടുണ്ട്. ഉപഭോക്തൃ-ഭക്ഷ്യ മന്ത്രി എൽ. സുശീൽദ്രോ മെയ്ത്തിയുടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സ്വകാര്യ ഗോഡൗണാണ് കത്തിച്ചത്. ഖുറൈയിലെ മന്ത്രിയുടെ വീടിനും വെള്ളിയാഴ്ച രാത്രി തീയിടാൻ ശ്രമിച്ചിരുന്നു. സുരക്ഷാസേന നീക്കംതടയുകയും അക്രമികളെ ഓടിക്കുകയും ചെയ്തു. സംഭവത്തിൽ ആളപായമില്ല.
ഖുറൈയിൽ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന അർധരാത്രിവരെ ഒട്ടേറെത്തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. മേഖലയിൽ സുരക്ഷാസന്നാഹം കർക്കശമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിപ്പുരിൽ മൂന്നാമത്തെ മന്ത്രിയുടെ വസ്തുവകകളാണ് കലാപകാരികളുടെ ആക്രമണത്തിനിരയായത്. ജൂൺ 16-ന് വിദേശകാര്യ സഹമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്റെ ഇംഫാൽ നഗരത്തിലെ വീട് ആയിരത്തിലേറെ വരുന്ന അക്രമിസംഘം കത്തിച്ചിരുന്നു. അതിന് രണ്ടുദിവസംമുൻപ് സംസ്ഥാനത്തെ ഏകവനിതാമന്ത്രി നെംച കിപ്ഗെനിന്റെ ഔദ്യോഗികവസതി അക്രമികൾ കത്തിച്ചു.
മെയ്തേയ് സമുദായം പട്ടികവർഗപദവി ആവശ്യപ്പെടുന്നതിൽ പ്രതിഷേധിച്ച് കുക്കി വിഭാഗക്കാർ കഴിഞ്ഞ മാസമാദ്യം സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’നിടെയുണ്ടായ സംഘർഷമാണ് മണിപ്പുരിൽ വംശീയകലാപത്തിലേക്ക് വഴുതിയത്. നൂറിലേറെപ്പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരങ്ങൾ അഭയാർഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.