ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹ പാർട്ടി വിട്ടു. പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിക്കുന്നതിനായാണ് യശ്വന്ത് സിൻഹ പാർട്ടത്‍യിൽനിന്ന് രാജിവെച്ചത്. വലിയ ദേശീയ ലക്ഷ്യത്തിനായി പാർട്ടിയിൽനിന്നും വിട്ടു നിൽക്കേണ്ട സമയമായെന്നും പ്രതിപക്ഷ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ട സമയമായന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
തന്‍റെ തീരുമാനത്തെ മമത ബാനർജി അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രപതി സ്ഥാനാർഥിയാകണമെങ്കിൽ തൃണമൂലിൽനിന്നു രാജിവെക്കണമെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ഉപാധി വച്ചിരുന്നു. ഈ ഉപാധി അംഗീകരിച്ചു കൊണ്ടാണ് പാർട്ടി വിട്ടത്.
നേരത്തെ ബി.ജെ.പി ദേശീയ വക്താവായിരുന്ന ഇദ്ദേഹം മോദിയുമായി തെറ്റിപ്പിരിഞ്ഞ് 2018ൽ പാർട്ടിവിട്ട് 2021ലാണ് തൃണമൂലിൽ ചേർന്നത്. വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
നേരത്തെ ശരത് പവാറിനെയും ഫറൂഖ് അബ്ദുല്ലയെയും ഗോപാൽകൃഷ്ണഗാന്ധിയെയും രാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷപാർട്ടികളുടെ രണ്ടാഘട്ട യോഗം ശരത് പവാറിന്‍റെ അധ്യക്ഷതയിൽ ഇന്ന് നടക്കും. തൃണമൂൽ കോൺഗ്രസിന്‍റെ പ്രതിനിധിയായി നാഷണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോഗത്തിൽ പങ്കെടുക്കും. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ24 ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.