യെച്ചൂരി ഫലസ്തീൻ ജനതക്കൊപ്പം നിന്ന നേതാവ് -അദ്നാൻ അബു അൽഹൈജ

ന്യൂഡൽഹി: ഫലസ്തീൻ ജനതക്കൊപ്പം എക്കാലത്തും നിലനിന്ന മനുഷ്യസ്നേഹിയെ ആണ് നഷ്ടമായതെന്ന് ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരമർപ്പിക്കാൻ ഗോൾ മാർക്കറ്റിലെ എ.കെ.ജി ഭവനിലെത്തിയതായിരുന്നു അദ്ദേഹം.

നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാറടക്കം നിരവധി വിദേശ രാജ്യങ്ങളുടെ പ്രതിനിധികളാണ് യെച്ചൂരിയെ യാത്രയാക്കാൻ മൃതശരീരം പൊതുദർശനത്തിന് വെച്ച എ.കെ.ജി ഭവനിലെത്തിയത്.

നേപ്പാൾ മുൻ ഉപ പ്രധാനമന്ത്രി ഈശ്വർ പൊഖ്രിയാൽ, നേപ്പാൾ ടൂറിസം മന്ത്രി ബദ്രി പ്രസാദ് പാൻഡെ, ചൈനീസ് സ്ഥാനപതി ക്സൂ ഫീഹോങ്, ക്യൂബൻ സ്ഥാനപതി ഇൻ ചാർജ് അബേൽ, റഷ്യൻ സ്ഥാനപതി ഡെനിസ് അലിപൊവ്, സിറിയൻ സ്ഥാനപതി ബസം അൽ ഖത്തിഫ് ഉൾപ്പെടെ നിരവധി വിദേശ പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്താൻ പാർട്ടി ആസ്ഥാനത്തെത്തി.

എ.കെ.ജി ഭവനിലേക്ക് ‘ഇൻഡ്യ’ നേതാക്കളുടെ ഒഴുക്ക്

ന്യൂഡൽഹി: ഇന്ത്യ എന്ന ആശയം നിലനിർത്താൻ വർഗീയ രാഷ്ട്രീയത്തിനെതിരെ മതേതര മുന്നണി രൂപവത്കരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന പ്രിയസുഹൃത്തിന് അന്ത്യോപചാരമർപ്പിക്കാൻ ‘ഇൻഡ്യ’ നേതാക്കൾ ഒഴുകിയെത്തി. യെച്ചൂരിയുമായി ഉറ്റസൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി ഭൗതികശരീരം പൊതുദർശനത്തിന് വെച്ച സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ എത്തി പുഷ്പാർച്ചന നടത്തുകയും ഭാര്യ സീമാ ചിശ്തിയെ ആശ്വസിപ്പിക്കുകയുംചെയ്തു.

വിവിധ ആശയങ്ങൾക്കിടയിലെ പാലമായിരുന്നു യെച്ചൂരിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അനുസ്മരിച്ചു. പാർലമെന്റിനെ അത്ഭുതപ്പെടുത്തിയ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് അന്ത്യോപചാരം അർപ്പിക്കാനെത്തിയ രാജ്യസഭ എം.പി കപിൽ സിബൽ പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ് നാഷനൽ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ ഉൾപ്പെടെ നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാൻ സി.പി.എം പാർട്ടി ആസ്ഥാനത്ത് എത്തി.

Tags:    
News Summary - Yechury is a leader who stood with the Palestinian people - Adnan Abu Alhaija

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.