ന്യൂഡൽഹി: അന്തരിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരിയെ വൈകാരികമായി അനുസ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവസാനമായി കാണുമ്പോൾ യെച്ചൂരിക്ക് ചുമയുണ്ടായിരുന്നു. താനായിരുന്നു അദ്ദേഹത്തോട് ആശുപത്രിയിൽ പോകാൻ പറഞ്ഞതെന്ന് രാഹുൽ വ്യക്തമാക്കി. ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തുണ്ടാക്കുന്ന ഭീഷണിയെ കുറിച്ച് എല്ലാസമയത്തും യെച്ചൂരിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
യെച്ചൂരിയുമായി എപ്പോൾ സംസാരിച്ചാലും ആർ.എസ്.എസും ബി.ജെ.പിയും സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് അദ്ദേഹം പറയുമായിരുന്നു. ഭരണഘടനസ്ഥാപനങ്ങൾക്കെതിരെ അവർ നടത്തുന്ന നീക്കങ്ങളെ കുറിച്ചും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. എപ്പോഴും വിശ്വസിക്കാവുന്ന സുഹൃത്തായിരുന്നു യെച്ചൂരിയെന്നും രാഹുൽ പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ 100 ശതമാനവും വിശ്വസിക്കാൻ സാധിക്കുന്ന രാഷ്ട്രീയനേതാവാണ് യെച്ചൂരി. എന്ത് ചെയ്താലും രാജ്യത്തിന്റെ താൽപര്യം നോക്കി മാത്രമേ അദ്ദേഹം അത് ചെയ്യാറുള്ളു. ഇടതുപക്ഷത്തുള്ള എന്റെ സുഹൃത്തുക്കൾക്ക് പലപ്പോഴും ഇത് ഇഷ്ടമാവാറില്ല. എന്നാൽ, ഇന്ത്യയായിരുന്നു യെച്ചൂരിയുടെ പ്രഥമ പരിഗണനയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വ്യത്യസ്ത ആശയങ്ങളുള്ളവരേയും കേൾക്കാൻ യെച്ചൂരി ശ്രമിച്ചിരുന്നു. ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസിനും മറ്റ് പാർട്ടികൾക്കും ഇടയിലുള്ള പാലമായാണ് യെച്ചൂരി പ്രവർത്തിച്ചിരുന്നത്. ഇൻഡ്യ സഖ്യത്തിലെ ഒരുമിച്ച് നിൽക്കുന്ന നേതാക്കളെയെ ജനങ്ങൾ കണ്ടിട്ടുള്ളു. അവരെ ഒരുമിച്ച് നിർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവാണ് യെച്ചൂരിയെന്ന് രാഹുൽ പറഞ്ഞു.
പുകവലിക്കുന്ന സ്വഭാവമുള്ള നേതാവായിരുന്നു യെച്ചൂരി. ഇതൊന്ന് ഒഴിവാക്കി കൂടെയെന്ന് താൻ എപ്പോഴും യെച്ചൂരിയോട് ചോദിക്കുമായിരുന്നു. എന്നാൽ, അദ്ദേഹത്തിന് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒരു ശീലമായിരുന്നു അത്. മകൻ മരിച്ചപ്പോഴാണ് യെച്ചൂരിയെ താൻ നിശബ്ദനായി കണ്ടത്. പിന്നീട് നേരിട്ട് കണ്ടപ്പോഴും യെച്ചൂരിക്ക് സങ്കടമുണ്ടായിരുന്നുവെന്നും രാഹുൽ ഓർത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.