മുംബൈ: നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിനുപിന്നാലെ ഇത് 'ഇ.ഡി' സർക്കാരാണെന്ന പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വോട്ടെടുപ്പ് സമയത്ത് പ്രതിപക്ഷ അംഗങ്ങൾ 'ഇ.ഡി' എന്ന് വിളിച്ചു പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫഡ്നാവിസിന്‍റെ പ്രതികരണം.
'മുമ്പ് ചില അംഗങ്ങൾ 'ഇ.ഡി' സർക്കാർ എന്ന് ആക്രോശിക്കുന്നത് ഞാൻ കേട്ടു. അതെ, ഇ.ഡി കാരണമാണ് ഈ സർക്കാർ രൂപപ്പെട്ടത്. 'ഇ.ഡി'യെന്നാൽ ഏക്നാഥ്-ദേവേന്ദ്ര'- അദ്ദഹം പറഞ്ഞു.
ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിന് അനുകൂലമായി എം.എൽ.എ പ്രതാപ് സർനായിക്ക് വോട്ട് ചെയ്തപ്പോഴാണ് പ്രതിപക്ഷം 'ഇ.ഡി' എന്ന് വിളിച്ചുപറഞ്ഞ് പ്രതിഷേധിച്ചത്. നേരത്തെ നാഷനൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് അഴിമതിയുമായി ബന്ധപ്പെട്ട് സർനായിക്കിന്റെ 11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ശിവസേന എം.എൽ.എ യാമിനി യശ്വന്ത് ജാദവ് വോട്ട് ചെയ്യാനെത്തിയപ്പോഴും പ്രതിപക്ഷ എം.എൽ.എമാർ 'ഇ.ഡി'യെന്ന് ബഹളം വെച്ചിരുന്നു. വിദേശ നാണയ വിനിമയ നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട് യാമിനിയുടെ ഭർത്താവ് ശിവസേന നേതാവും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ യശ്വന്ത് ജാദവിനെതിരെ ഈയിടെ ഇ.ഡി കേസെടുത്തിരുന്നു.
രണ്ട് ദിവസത്തേക്ക് ഇ.ഡിയുടെ നിയന്ത്രണം തങ്ങൾക്ക് നൽകിയാൽ ദേവേന്ദ്ര ഫഡ്‌നാവിസും തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാൾ 20 വോട്ട് അധികം ഷിൻഡെക്ക് ലഭിച്ചു. എതിർപക്ഷത്ത് 99 അംഗങ്ങളാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.