ലഖ്നോ: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് വാഹന ഉടമകൾക്ക് നൽകിയ മുഴുവൻ ചെലാനുകളും യു.പി റദ്ദാക്കി. ഇതോടെ ഇക്കാലയളവിൽ ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവർ ഇനി പിഴയടക്കേണ്ടതില്ല. നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാതിരുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
യു.പി സർക്കാറിന്റെ തീരുമാനം പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. ഇനിയും അടക്കാനുള്ള ഇ-ചെലാനുകൾ രേഖകളിൽ നിന്നും നീക്കാൻ ഡിവിഷണൽ ഗതാഗത ഓഫീസുകൾക്ക് യു.പി സർക്കാർ നിർദേശം നൽകി. നേരത്തെ ചെലാനുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോയിഡയിൽ പ്രതിഷേധമുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാൻ യു.പി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിലെത്തി വാഹന നമ്പർ മാത്രം നൽകിയാൽ മതിയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഭാവിയിൽ തെറ്റായ ചെലാനാണ് ലഭിച്ചിരിക്കുന്നതെന്ന് ഡ്രൈവർമാർക്ക് മനസിലായാൽ അതിനെതിരെ അപ്പീൽ സമർപ്പിക്കാമെന്നും യു.പി സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.