ബംഗളൂരു: തിയറ്ററിൽ കാന്താര സിനിമ കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ കൈയേറ്റം. ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലെ സന്തോഷ് തിയറ്ററിലാണ് സംഭവം. കെ.വി.ജി ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാർഥികളാണ് മലയാളികളായ ഇരുവരും.
യുവതിയുടെ ശിരോവസ്ത്രം കണ്ടയുടൻ സമീപത്തെ കടയിലെ വ്യാപാരി വന്ന് സിനിമ കാണാൻ വന്നത് ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് മറ്റുള്ളവരും എത്തി യുവാവിനെ കൈയേറ്റം ചെയ്തു. ഇതോടെ ഇരുവരും സിനിമ കാണാതെ മടങ്ങിപ്പോവുകയായിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചു. ഇതോടെയാണ് തങ്ങൾ വിവരമറിയുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും പരാതി നൽകിയിരുന്നില്ല. എന്നാൽ, പൊലീസ് ഇവരെ കണ്ടെത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ പരാതി നൽകിയത്. തങ്ങളെ കൈയേറ്റം ചെയ്തവർ ഹിന്ദുത്വ സംഘടനകളിൽപെട്ടവരാണെന്ന് അവർ സ്വയം പരിചയപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.