ന്യൂഡൽഹി: വെള്ളം ചോദിച്ചെത്തിയ മുസ്ലിം യുവാവിൻെറ കൈ ഒരു സംഘം ഹിന്ദുത്വ വാദികൾ മരം മുറിക്കുന്ന യന്ത്രമുപയോഗിച്ച് വെട്ടിമാറ്റി. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. 23 വയസ്സുകാരനായ ഇഖ്ലാക്കിൻെറ കൈയാണ് അക്രമകാരികൾ വെട്ടിമാറ്റിയത്. ആഗസ്റ്റ് 24നാണ് കുറ്റകൃത്യം നടന്നതെങ്കിലും സെപ്റ്റംബർ ഏഴിന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഐ.പി.സി 323, 326, 34 സെക്ഷനുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.
ബാർബർ തൊഴിലാളിയായ ഇഖ്ലാക്ക് ഷാഹറാപുർ ജില്ലയിലെ നാനൗത്ത സ്വദേശിയാണ്. ആഗസ്റ്റ് 23ന് ജോലി തേടി പാനിപ്പത്തിലേക്ക് പോവുകയായിരുന്നു. നഗരത്തിലെ കിശൻപുർ ഭാഗത്തെ പാർക്കിൽ ഇദ്ദേഹം ഇരിക്കുന്നത് കണ്ട ഏതാനും യുവാക്കൾ അടുത്തെത്തി പേര് ചോദിച്ചു. മുസ്ലിം ആണെന്ന് മനസ്സിലായതോടെ സംഘംചേർന്ന് മർദിച്ച് അവശനാക്കി. തുടർന്ന് ദാഹിച്ച് വലഞ്ഞ ഇഖ്ലാക്ക് അടുത്തുള്ള വീട്ടിൽ വെള്ളം ചോദിച്ചെത്തി. എന്നാൽ, അവിടെയുണ്ടായിരുന്നവർ വീട്ടിനകത്തേക്ക് വലിച്ചഴച്ച് മർദിക്കുകയായിരുന്നുവത്രെ. പാർക്കിൽവെച്ച് മർദിച്ചവർ തന്നെയായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നു.
ഇതിനിടയിൽ ഇവർ ഇയാളുടെ വലത് കൈയിൽ '786' എന്നത് പച്ചകുത്തിയതായി കണ്ടു. ഇത് നിൻെറ കൈയിൽ ഇനിയുണ്ടാകില്ല എന്ന് പറഞ്ഞ് മരംമുറിക്കുന്ന യാന്ത്രമുപയോഗിച്ച് മുട്ടിന് താഴേക്ക് വെട്ടിമാറ്റുകയായിരുന്നു. നാല് പുരുഷൻമാർക്ക് പുറമെ രണ്ട് വനിതകളും കുറ്റകൃത്യത്തിൽ പങ്കെടുത്തതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
കൈ വെട്ടിമാറ്റിയശേഷം ഇഖ്ലാക്കിനെ റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. അപകടമാണെന്ന് വരുത്തിത്തീർക്കലായിരുന്നു ലക്ഷ്യം. റെയിൽവേ പൊലീസാണ് ഇദ്ദേഹത്തെ പാനിപ്പത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് റോഹ്ത്തക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസത്തെ ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.