ചെന്നൈ: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കൃത്യം നടത്തിയത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത് യുവാക്കൾ. ഓട്ടോ ഡ്രൈവറായ രവി ചന്ദ്രനെയാണ് (32) സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ ന്യൂമണാലിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ മൃതദേഹവുമായി എടുത്ത സെൽഫി വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മദൻ കുമാർ (31), ധനുഷ് (19), ജയപ്രകാശ് (18), ഭരത് (19) എന്നിവരാണ് പിടിയിലായത്.
കൊല്ലപ്പെട്ട രവിചന്ദ്രനും പ്രതിയായ മദൻ കുമാറും തമ്മിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തർക്കമുണ്ടായിരുന്നു. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് മദൻ രവിചന്ദ്രനെ ന്യൂമണാലി ടൗണിലെ കളിസ്ഥലത്ത് മദ്യവിരുന്നിന് ക്ഷണിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
ഏറെ നേരമായിട്ടും ഭർത്താവിനെ കാണാതിരുന്നതോടെ ഭാര്യ കീർത്തന ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കളിസ്ഥലത്തെത്തിയ സംഘമാണ് രവിചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി സ്റ്റാൻലി മെഡിക്കൽ കോളജിലേക്ക് മാറ്റി. ആവടി പൊലീസ് കമീഷണർ സന്ദീപ് റായ റാത്തോറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.