ന്യൂഡൽഹി: പണം ക്രെഡിറ്റായി എന്നു പറഞ്ഞ് അടുത്ത തവണ ബാങ്കിൽ നിന്ന് മൊബൈലിലേക്ക് സന്ദേശം വന്നാൽ രണ്ടുതവണ ചിന്തിക്കണം. ബാങ്കിന്റെ ആപ്പോ നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റോ പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും. എത്ര തുക അക്കൗണ്ടിലുണ്ടെന്ന് അറിയാമല്ലോ.
ഡൽഹിയിലെ ഒരു ജ്വല്ലറി ഉടമ സമർഥമായി കബളിപ്പിക്കപ്പെട്ട കാര്യമാണ് പറഞ്ഞുവരുന്നത്. മൂന്നുലക്ഷം രൂപയുടെ സ്വർണമാണ് ഇദ്ദേഹത്തിന് നഷ്ടമായത്. സംഭവം ഇങ്ങനെ: വർഷങ്ങളായി ഡൽഹിയിലെ ചാന്ദ്നി ചൗക്കിലെ കുച്ച മഹാജാനിയിൽ ജ്വല്ലറി കട നടത്തുകയാണ് നവൽ കിഷോർ ഖന്ദേൽവാലിന്. ഏതാണ്ട് 50 വർഷം പഴക്കമുള്ള ജ്വല്ലറിക്കടയാണിത്. ഡൽഹിയിലെ ഏറ്റവും വലിയ സ്വർണം വെള്ളി മാർക്കറ്റ് ആണ് കുച്ച മഹാജനി.
കഴിഞ്ഞ ദിവസം നവൽ അയോധ്യയിൽ പോയിരിക്കെ, 15 ഗ്രാമിന്റെ സ്വർണമാല വേണമെന്നാവശ്യപ്പെട്ട് ഫോൺ സന്ദേശം വന്നു. ആൺമക്കളാണ് കടയിലുണ്ടായിരുന്നത്. തനിക്ക് കടയിൽ നേരിട്ട് വരാനാകില്ലെന്നും സ്വർണം ക്വറിയറായി അയച്ചുതന്നാൽ മതിയെന്നും പണമയക്കാൻ നവലിന്റെ ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ കൈമാറണമെന്നും പറഞ്ഞു. വിവരങ്ങൾ നൽകിയ ഉടൻ 93,400 രൂപ അക്കൗണ്ടിലേക്ക് ക്രെഡിറ്റായി എന്ന് സന്ദേശം ലഭിച്ചു. അതിന്റെ സ്ക്രീൻഷോട്ട് മക്കൾക്ക് നവൽ അയച്ചുകൊടുക്കുകയും ചെയ്തു. ആ വ്യക്തി പറഞ്ഞ അഡ്രസിൽ സ്വർണമാല അയച്ചുകൊടുക്കുകയും ചെയ്തു.
അടുത്ത ദിവസം അതേ വ്യക്തി തന്നെ വീണ്ടും 30 ഗ്രാമിന്റെ സ്വർണമാല വേണമെന്നാവശ്യപ്പെട്ടു. അതിന്റെ വിലയായ 1,95,400 രൂപ കൈമാറിയതായി ഉടൻ എസ്.എം.എസ് ലഭിക്കുകയും ചെയ്തു. സ്വർണമാല അയച്ചുകൊടുക്കുകയും ചെയ്തു. അതിനു ശേഷം ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി തന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം നവൽ മനസിലാക്കിയത്. പണം തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് അദ്ദേഹത്തിന് മനസിലായി. തന്റെ ഫോണിലേക്ക് വന്ന രണ്ട് എസ്.എം.എസുകളും പരിശോധിച്ചപ്പോൾ ബാങ്കിന്റെ നേരത്തേ അയച്ച മെസേജുകൾ ഫോർമാറ്റ് ചെയ്തതാണെന്ന് മനസിലായി.
മക്കളോട് ബാങ്കിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. പണം അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന കാര്യം അവരും സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് അവരും കൈയൊഴിഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പിതാവിന്റെ മൊബൈൽ ഫോണിലായതിനാൽ തട്ടിപ്പ് കണ്ടെത്താൻ സാധിച്ചില്ലെന്ന് മക്കളും പറയുന്നു. ഇവരുടെ പരാതിയിൽ കേസെടുത്തെങ്കിലും തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.