ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് യൂത്ത് കോൺഗ്രസ്. മോദിയുടെ ജന്മദിനം സേവ സമർപ്പൺ അഭിയാനായി ആചരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് ബദലായാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.
ദേശീയ തൊഴിലില്ലായ്മ ദിനത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് രാജ്യമെമ്പാടും വിവിധ പരിപാടികൾ സംഘടിപ്പിക്കും. തൊഴിലില്ലായ്മ, കുറഞ്ഞ വളർച്ച നിരക്ക്, ഇന്ധന വില വർധന തുടങ്ങിയ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. 'ദേശീയ തൊഴിലില്ലായ്മ ദിനം' എന്ന ഹാഷ്ടാഗിൽ ലക്ഷകണക്കിന് ട്വീറ്റുകളാണ് ട്വിറ്ററിൽ നിറഞ്ഞത്.
'45 വർഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക്, 40 വർഷത്തിനുള്ളിെല ഏറ്റവും താഴ്ന്ന ജി.ഡി.പി വളർച്ച നിരക്ക്, കർഷകരുടെ വരുമാനം 14 വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, ജുംല പാക്കേജിന് 20 ലക്ഷം കോടി, 15 കോടി പേർക്ക് തൊഴിൽ നഷ്ടം, പെട്രോൾ ലിറ്ററിന് 110 രൂപ, ഡീസൽ ലിറ്ററിന് 100 രൂപ -അതുകൊണ്ടാണ് ഇന്ത്യ ദേശീയ തൊഴിലില്ലായ്മ ദിനം ആഘോഷിക്കുന്നത്' -യൂത്ത് കോൺഗ്രസ് തലവൻ ശ്രീനിവാസ് ബി.വി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒരു വർഷത്തിനുള്ളിൽ 2.4 ശതമാനത്തിൽനിന്ന് 10.3 ശതമാനമായി ഉയർന്നതായും യൂത്ത് കോൺഗ്രസ് പറഞ്ഞു.
തൊഴിലില്ലാത്ത യുവജനങ്ങൾ രാജ്യത്തെ തെരുവിലൂടെ അലയുകയാണെന്നും ശ്രീനിവാസ് പറഞ്ഞു. വർഷംതോറും രണ്ടുകോടി തൊഴിലുകൾ നൽകുമെന്ന വലിയ വാഗ്ദാനം നൽകിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ പൂർണമായും മൗനം പാലിക്കുകയാണെന്നും അവർ ആരോപിച്ചു.
മോദിയുടെ ജന്മദിനം 'ജുംല ദിവസാ'യും ആഘോഷിക്കുകയാണ് േദശീയ യുവജന സംഘടനകൾ. യുവജനങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന വഴികൾ തുറന്നുകാണിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ ജന്മദിനം പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന് യുവ ഹല്ല ബോൽ സംഘടന അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.