ന്യൂഡൽഹി: രാമനവമി ആഘോഷ മറവിൽ ഉത്തരേന്ത്യയിലാകെ മുസ്ലിംവിരുദ്ധ കലാപം അഴിച്ചുവിടുന്ന സംഘ്പരിവാർ നടപടിക്കെതിരെയും രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന ഭരണകൂടത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി സീമാപുരിയിൽ ‘യുവ സംഘർഷ്’ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.
ബിഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ രാമനവമി ഘോഷയാത്രയുടെ മറവിൽ വ്യാപക അതിക്രമങ്ങൾ നടത്തിയ സംഘ്പരിവാർ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
അക്രമികൾ തകർത്ത മസ്ജിദുകളും മദ്റസകളും കച്ചവടസ്ഥാപനങ്ങളും പുനർനിർമിക്കേണ്ടത് സർക്കാറിന്റെകൂടി ഉത്തരവാദിത്തമാണ്. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ കുറ്റവാളികൾക്കാണ് സംരക്ഷണം നൽകുന്നത്. രാമനവമി ആഘോഷങ്ങളുടെ മറവിൽ സംഘ്പരിവാർ ശക്തികളുടെ അതിക്രമം കൈകെട്ടി നോക്കിനിൽക്കുന്ന ഭരണകൂടം, രാഹുൽ ഗാന്ധിക്കെതിരെ തിരക്കിട്ട് നീങ്ങിയത് നിഷ്കളങ്കമല്ലെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കോർപറേറ്റ് ഫാഷിസത്തിനെതിരായ സമരത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിക്കും.
യുവ സംഘർഷ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. ഡൽഹി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് ഷഹസാദ് അബ്ബാസി അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, വൈസ് പ്രസിഡന്റ് ഷിബു മീരാൻ, നിർവാഹക സമിതി അംഗങ്ങളായ സി.കെ. ശാക്കിർ, അഡ്വ. മർസൂഖ് ബാഫഖി, ഡൽഹി സംസ്ഥാന സെക്രട്ടറി വസീം അക്രം, എം.എസ്.എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.