ന്യൂഡൽഹി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതക കേസിൽ രണ്ടുവർഷത്തിന് േശഷം മുഖ്യപ്രതി പിടിയിൽ. കൊലപാതകത്തിന്‍റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു.
തിങ്കളാഴ്ച സി.ബി.ഐ നടത്തിയ തെരച്ചിലിൽ ഗോവയിൽനിന്ന് പ്രതിയായ സുനിൽ യാദവ് പിടിയിലാകുകയായിരുന്നു.അറസ്റ്റ്, കോടതിയിൽ ഹാജരാക്കൽ തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
സി.ബി.ഐ അന്വേഷണത്തിൽ സുനിൽ യാദവാണ് മുഖ്യപ്രതിയെന്ന് കണ്ടെത്തിയിരുന്നു. കുടുംബവുമായി ഗോവയിലേക്ക് കടക്കുന്നതിന് മുമ്പ് നിരവധി തവണ ഇയാളെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാളെ ഗോവയിലെത്തി പിടികൂടുകയായിരുന്നു.
2019 മാർച്ച് 15നാണ് ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിൽ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ തനിച്ചായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അന്നത്തെ ഭരണകക്ഷിയായ ടി.ഡി.പിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും സി.ബി.ഐ അേന്വഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയ കോലാഹലങ്ങൾ ഉടലെടുത്തതോടെ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി. ഹൈകോടതിയുടെ നിർദേശപ്രകാരം പിന്നീട് കേസ് സി.ബി.ഐക്കും കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.