ബംഗളൂരു: പ്രശസ്ത ചിത്രകാരൻ യൂസഫ് അറക്കൽ (72) അന്തരിച്ചു. ഇന്നു രാവിലെ 7.30ന് കുന്ദലഹള്ളിയിലെ സ്വവസതിയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കേരളത്തിൽ ജനിച്ച് അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഇദ്ദേഹം ഏറേക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചിത്രങ്ങൾ, പെയ്ന്‍റിങ്ങുകൾ, മ്യൂറലുകൾ, ശിൽപങ്ങൾ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമേ ഇതേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും യൂസഫ് അറക്കൽ രചിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിക്ക് ഖബറടക്കം നടക്കും.
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചാവക്കാട് 1944ലാണ് യൂസഫ് അറക്കൽ ജനിച്ചത്. രാജകുടുംബമായ അറക്കൽ കുടുംബാംഗമായിരുന്ന മാതാവും വ്യവസായിയായിരുന്ന പിതാവും മരിച്ചതിനെ തുടർന്ന് ബാല്യത്തിൽ തന്നെ നാടുവിടുകയായിരുന്നു. ബംഗളൂരുവിൽ എത്തിയ ഇദ്ദേഹം പിന്നീട് കർണാടക ചിത്രകലാ പരിഷത്ത് കോളജ് ഓഫ് ഫൈനാർട്സിൽ നിന്ന് കലാപരിശീലനം നേടി.
ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് കമ്യൂണിറ്റി സ്റ്റുഡിയോയിൽ നിന്ന് ഗ്രാഫ്ക് പ്രിന്‍റിൽ പരിശീലനം നേടി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കലാപ്രവർത്തനങ്ങളിൽ മുഴുകി. ഭാര്യ സാറയോടൊത്ത് ബംഗളൂരുവിലായിരുന്നു സ്ഥിര താമസം.
ദേശീയവും അന്തർദേശീയവുമായ ഒട്ടേറെ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഫ്രാൻസിലെ ലോറെൻസോ ഡി മെഡിസി എന്ന വിഖ്യാത പുരസ്ക്കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 1986ൽ ധാക്കയിൽ നടന്ന ഏഷ്യൻ ആർട്ട് ബിനാലെയിൽ പ്രത്യേക അവാർഡ് ലഭിച്ചു. 1979ലും 1981ലും കർണാടക ലളിത കലാ അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. 1989ൽ കർണാടക ലളിത കലാ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു.
2012ൽ കേരള സർക്കാരിന്‍റെ രാജാ രവിവർമ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. യൂസഫ് അറക്കലിന്‍റെ സർഗജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ പല ഭാഷകളിലായി പുറത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.