യു.പി കേസിൽ സുബൈറിന് ജാമ്യം; ഡൽഹി കേസിൽ നടപടി തുടരും

ന്യൂഡൽഹി: ട്വീറ്റു ചെയ്യരുതെന്നും ഡൽഹി കോടതി പരിധി വിട്ടുപോകരുതെന്നുമുള്ള ഉപാധിയോടെ, യു.പിയിലെ സീതാപൂരിൽ രജിസ്റ്റർചെയ്ത കേസിൽ 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഇടക്കാല ഉത്തരവ് സീതാപൂർ കോടതിയിലെ കേസിന് മാത്രം ബാധകമാണെന്നും ഡൽഹിയിലടക്കമുള്ള മറ്റു കേസുകൾക്ക് ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോൾ ഉചിതമായ ബെഞ്ച് ഹരജി പരിഗണിക്കുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഡൽഹിയിലെ കേസിൽ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ് സുബൈർ.

യു.പി സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജും ഉയർത്തിയ തടസ്സവാദങ്ങൾ തള്ളിയാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചിന്‍റെ വിധി. ചെയ്യാത്ത കുറ്റത്തിന് യു.പി പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു സുബൈറിന്റെ ആവശ്യം. തുടക്കത്തിലേ തുഷാർ മേത്ത തടസ്സവാദം ഉന്നയിച്ചു. സുബൈറിന്‍റെ ജാമ്യഹരജിയിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്തതും കോടതി റിമാൻഡ് ചെയ്തതുമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും വസ്തുതകൾ മറച്ചുവെച്ചുവെന്നുമായിരുന്നു മേത്തയുടെ തടസ്സവാദം.

ഇതു കേട്ട് സുബൈർ ഈ കേസിൽ ഇതിനകം അറസ്റ്റിലായോ എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി ചോദിച്ചപ്പോൾ സുബൈർ ജുഡീഷ്യൽ കസ്റ്റഡിയിലാണോ, പൊലീസ് കസ്റ്റഡിയിലാണോ എന്നത് പ്രശ്നമല്ലെന്ന് സുബൈറിന്‍റെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് മറുപടി നൽകി. അലഹബാദ് ഹൈകോടതി തള്ളിയതിനെതിരെയാണ് അപ്പീലെന്നും അതേക്കുറിച്ചാണ് വാദിക്കുന്നതെന്നും ഗോൺസാൽവസ് വാദിച്ചു.

വസ്തുതാ പരിശോധനാ മാധ്യമമായ 'ആൾട്ട് ന്യൂസ്' സഹസ്ഥാപകനായ മുഹമ്മദ് സുബൈർ 'ടൈംസ് നൗ' ചാനലിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നതോടെയാണ് ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്ന് അറസ്റ്റിനുള്ള മുറവിളി ഉയർന്നത്. തുടർന്ന് 2018ൽ ഒരു ഹിന്ദി സിനിമയിലെ ചിത്രം ട്വീറ്റ് ചെയ്തതിലൂടെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്ന് ആരോപിച്ച് 'ഹനുമാൻ ഭക്ത്' എന്ന ഫേക് ഐഡിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ച ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തു.

അതിനു പുറമെയാണ് 'ഹിന്ദു ലയൺ ആർമി' ജില്ല പ്രസിഡന്‍റ് ഭഗവാൻ ശരൺ നൽകിയ പരാതിയിൽ യു.പി പൊലീസ് കഴിഞ്ഞമാസം മൂന്നിന് രജിസ്റ്റർ ചെയ്ത കേസിൽ സീതാപൂർ കോടതിയിൽ ഹാജരാക്കിയത്. ധരം സൻസദിലൂടെ വിദ്വേഷപ്രചാരണം നടത്തിയ യതി നരസിംഗാനന്ദ സരസ്വതി, ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് ട്വീറ്റ് ചെയ്തു എന്നാണ് സുബൈറിന് മേൽ 'ഹിന്ദു ലയൺ ആർമി' ആരോപിച്ച കുറ്റം.

Tags:    
News Summary - Zubair granted bail in UP case; Proceedings will continue in the Delhi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.