ഇന്ത്യയിലുള്‍പ്പെടെ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ ചൂഷണത്തിനിരയാകുന്നു

ന്യൂയോര്‍ക്: ബഹുരാഷ്ട്ര കമ്പനികളായ വാള്‍മാര്‍ട്ട്, ഗാപ് എന്നിവയുടെ ഇന്ത്യ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സപ്ളയര്‍ ഫാക്ടറികളിലെ തൊഴിലാളികള്‍ പലവിധത്തിലുള്ള ചൂഷണത്തിന് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്. ശമ്പളം നല്‍കാതിരിക്കല്‍, ലൈംഗികചൂഷണം, സുരക്ഷിതമല്ലാത്ത തൊഴില്‍ അന്തരീക്ഷം എന്നീ പ്രശ്നങ്ങളാണ് തൊഴിലാളികള്‍ നേരിടുന്നത്. തൊഴിലാളി യൂനിയനുകളുംതൊഴിലിടങ്ങളിലെ ജോലിസാഹചര്യം വിലയിരുത്തുന്ന സംഘടനകളും നടത്തിയ പഠനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദ ഏഷ്യ ഫ്ളോര്‍ ഏജ് അലയന്‍സ് ആണ് പുറത്തുവിട്ടത്.

വസ്ത്രനിര്‍മാണരംഗത്തെ തൊഴിലാളി സംഘടനകളെയും എന്‍.ജി.ഒകളെയും ഉപഭോക്തൃസംഘങ്ങളെയും ഗവേഷണസ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്യുന്ന 70ലേറെ സംഘടനകളാണ് പഠനത്തില്‍ പങ്കാളികളായത്. ഇന്ത്യ, ബംഗ്ളാദേശ്, ഇന്തോനേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളിലെ വാള്‍മാര്‍ട്ടിന്‍െറയും എച്ച് ആന്‍ഡ് എമ്മിന്‍െറയും ഗാപ്പിന്‍െറയും സപ്ളയര്‍ ഫാക്ടറികളിലെ ജോലിസാഹചര്യമാണ് വിലയിരുത്തിയത്.

ഇന്ത്യയില്‍ വാള്‍മാര്‍ട്ടിന്‍െറ 24 നിര്‍മാണ ഫാക്ടറികളില്‍ നടത്തിയ പഠനത്തില്‍ അധികജോലിക്ക് അധികവേതനം നല്‍കാതിരിക്കലും അനധികൃതമായി ശമ്പളം പിടിച്ചുവെക്കലുമുള്‍പ്പെടെ വെട്ടിപ്പുകള്‍ക്ക് പുറമേ ദേശീയ അവധിദിനങ്ങളിലും ഞായറാഴ്ചകളിലും, കൊടുംചൂടില്‍ വേണ്ടത്ര വിശ്രമമോ കുടിവെള്ളമോ ലഭ്യമാക്കാതെയും ജോലി ചെയ്യിപ്പിക്കുന്നതായും കണ്ടത്തെി.

ബംഗ്ളാദേശ്, കംബോഡിയ, ഇന്ത്യ എന്നിവിടങ്ങളില്‍ വാള്‍മാര്‍ട്ട് സപ്ളയര്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരുമായി നടത്തിയ ഇന്‍റര്‍വ്യൂ, ഗ്രൂപ് ഡിസ്കഷന്‍, ഇന്തോനേഷ്യയില്‍ നടത്തിയ കേസ് സ്റ്റഡി എന്നിവയിലൂടെയായിരുന്നു പഠനം. ഇന്ത്യയില്‍ ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വസ്ത്രനിര്‍മാണത്തൊഴിലാളികളെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.