ഡമാസ്കസ്: ദമസ്കസ്: തുര്‍ക്കി അതിര്‍ത്തിക്കുസമീപം ഐ.എസ് അധീനതയിലായിരുന്ന മന്‍ബിജ് നഗരം കുര്‍ദ്-അറബ് പോരാളികള്‍ ഉള്‍ക്കൊള്ളുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്.ഡി.എഫ്) പിടിച്ചെടുത്തു. യു.എസ് സേനയുടെ പിന്തുണയോടെ രണ്ടുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് 2014 മുതല്‍ ഐ.എസ് അധീനതയിലായിരുന്ന നഗരം മോചിപ്പിക്കാനായതെന്ന് എസ്.ഡി.എഫ് ഉപദേശകനായ നാസിറ ഹജ് മന്‍സൂര്‍ ഞായറാഴ്ച പറഞ്ഞു.
നഗരം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഐ.എസ് പോരാളികളില്‍ ശേഷിക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരം മോചിപ്പിച്ചതിന് പിന്നാലെ, ഐ.എസ് മനുഷ്യകവചമായി ഉപയോഗിച്ചവരെന്ന് കരുതുന്ന 2000 സിവിലിയന്മാരെയും എസ്.ഡി.എഫ് സേന മോചിപ്പിച്ചു. രണ്ടുവര്‍ഷത്തെ ദുരിത ജീവിതത്തില്‍നിന്ന് മോചനം നേടി, ആഹ്ളാദപ്രകടനമായി ജനം തെരുവിലിറങ്ങി. പുരുഷന്മാര്‍ താടി കളഞ്ഞും സ്ത്രീകള്‍ മുഴുനീള വസ്ത്രങ്ങള്‍ കത്തിച്ചുമാണ് ആഹ്ളാദപ്രകടനം നടത്തിയതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മന്‍ബിജ് നഗരം മോചിപ്പിച്ചത്, ഐ.എസിനെതിരായ നീക്കത്തില്‍ പ്രധാന ചുവടുവെപ്പായാണ് നിരീക്ഷിക്കപ്പെടുന്നത്.
നഗരം മോചിപ്പിച്ചതായി യു.എസ് സൈനിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. നടപടിയുടെ ഭാഗമായി സഖ്യസേന 680 വ്യോമാക്രമണങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടപടിയില്‍ 400 സിവിലിയന്മാരടക്കം 1700 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.
അതിനിടെ, അലപ്പോയില്‍ വിമതര്‍ക്കെതിരായ സൈനികനീക്കം റഷ്യന്‍, സിറിയന്‍ വ്യോമസേന ശക്തമാക്കി. കഴിഞ്ഞദിവസം അവിടെയുണ്ടായ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 51 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.