രാജ്യത്തിന് ഏറെ നിർണായകമായ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ഇടത് സ്ഥാനാർഥിയെ മത്സരിപ്പിക്കരുതായിരുന്നുവെന്ന് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ബിഹാറിൽ നിന്നുള്ള മുൻ ലോക്സഭ എം.പിയുമായ ശത്രുഘ്നൻ പ്രസാദ് സിങ്. ഇൻഡ്യ സഖ്യത്തിന്റെ സമുന്നത നേതാവായ രാഹുലിനെതിരെ സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കാൻ തന്റെ പാർട്ടിയുടെ കേരള നേതൃത്വവും ഇടതുമുന്നണിയും തീരുമാനിച്ചത് തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകിയതെന്നും അദ്ദേഹം വിമർശിച്ചു. ഉത്തരേന്ത്യയിലെ കമ്യൂണിസ്റ്റ് സഖാക്കളുടെ പൊതുവായ അഭിപ്രായമാണിതെന്നും ബിഹാറിലെ കമ്യൂണിസ്റ്റ് കോട്ടയായ ബേഗുസാരായിയിലെ സി.പി.ഐ ആസ്ഥാനത്ത് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എത്രയോ മെച്ചപ്പെട്ട സ്ഥിതിയാണ് ഇത്തവണ ബിഹാറിൽ. മഹാസഖ്യമില്ലാതിരുന്ന അവസാന തെരഞ്ഞെടുപ്പ് തീർത്തും അരാജകത്വമായിരുന്നു. ഇത്തവണ പ്രതിപക്ഷത്തെ ആറ് പാർട്ടികൾ ഒരുമിച്ചാണ്.
ജനതാദൾ (ആർ.ജെ.ഡി), കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) എന്നിവക്കൊപ്പം സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എൽ) എന്നീ ഇടതുപാർട്ടികളും ചേർന്ന സഖ്യമാണ്. കഴിഞ്ഞ തവണ തമ്മിൽ ഏറ്റുമുട്ടിയ പാർട്ടികളാണ് ഇവയിൽ മിക്കതും. ഈ തെരഞ്ഞെടുപ്പിലെ ശുഭസൂചനയും ഇതാണ്.
ഓരോ പാർട്ടികളും മത്സരിക്കുന്ന സീറ്റുകൾ ഏതാണെന്ന് തീരുമാനിക്കാൻ വൈകി. ഇതുമൂലം ഒരുമാസം കഷ്ടിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങൾക്ക് ലഭിച്ചത്. സഖ്യചർച്ചകൾ നീണ്ടുപോയത് ഞങ്ങളുടെ വോട്ടിനെ ബാധിക്കും. 22 ലക്ഷം വോട്ടർമാരുള്ള ഒരു ലോക്സഭ മണ്ഡലത്തിന്റെ ചുമതലയാണ് എനിക്ക്.
ഇത്രയും വോട്ടർമാരിലേക്ക് സ്ഥാനാർഥിക്കോ പാർട്ടിക്കോ പ്രചാരണത്തിലൂടെ എത്തുക അസാധ്യമാണ്. എന്നിരുന്നാലും മഹാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും പ്രവർത്തകർ ഈ പരിമിതി മറികടക്കാൻ വളരെ സജീവമായിറങ്ങി. ഉഷ്ണക്കാറ്റിലും കൊടുംതാപത്തിലും വീടുവീടാന്തരം കയറിയിറങ്ങി അവർ നടത്തിയ പ്രചാരണം പല മണ്ഡലങ്ങളിലും ഫലം ഇൻഡ്യക്ക് അനുകൂലമാക്കി മാറ്റി.
അതെ. അവർ നേരത്തെ പ്രചാരണത്തിനിറങ്ങിയതുമൂലം അവരുടെ ഒന്നാംഘട്ട പ്രചാരണം കഴിഞ്ഞ ശേഷമാണ് ഇൻഡ്യ സഖ്യം പ്രചാരണരംഗത്ത് സജീവമായത്.
രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിലെ കമ്യൂണിസ്റ്റുകൾ ഇടത് സ്ഥാനാർഥിയെ മത്സരിപ്പിക്കരുതായിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ സമുന്നത നേതാവായ രാഹുൽ ഗാന്ധിയുടെ സിറ്റിങ് സീറ്റാണ് അത്. വയനാട്ടിലെ ആ മത്സരത്തിന്റെ പ്രതികരണവും പ്രതിപ്രവർത്തനവും ഉത്തരേന്ത്യയിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി ഇടതുപാർട്ടികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലുണ്ടായി.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തെറ്റായ തെരഞ്ഞെടുപ്പ് തന്ത്രമാണ് വയനാട് മണ്ഡലത്തിൽ പുറത്തെടുത്തത്. ഏറെ അപകടകരമായ നീക്കമായി അത്. അതിന്റെ പ്രത്യാഘാതം ബേഗുസാരായിയിൽ അടക്കം ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഒരുപക്ഷേ ഇതിന്റെ പ്രതിഫലനം ഏറ്റവും കൂടുതലുണ്ടായത് ബിഹാറിലാണ്.
ഇൻഡ്യ സഖ്യത്തിന്റെ മുതിർന്ന നേതാവായ രാഹുൽ ഗാന്ധിയെ അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റിൽ തോൽപിക്കാനിറങ്ങിയ കമ്യൂണിസ്റ്റുകളുടെ സ്ഥാനാർഥികൾക്ക് വേണ്ടി ബേഗുസാരായിയിൽ അടക്കം എന്തിന് തങ്ങൾ ഇറങ്ങണമെന്ന് അവർ ചോദിച്ചു. അവരുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ തങ്ങൾ നിസ്സഹായരായി.
കഴിഞ്ഞ ഘട്ടങ്ങളിൽ എൻ.ഡി.എയുടെ സ്ഥിതി വളരെ ദയനീയമാണ്. ഇപ്പോൾ വോട്ടെടുപ്പ് കഴിഞ്ഞ മണ്ഡലങ്ങളിൽ സീറ്റുകളുടെ എണ്ണത്തിൽ എൻ.ഡി.എ ഇൻഡ്യക്ക് പിറകിലാണ്.
ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം ബിഹാറിൽ ഒരു പ്രചാരണ വിഷയമേ ആയിട്ടില്ല. മറിച്ച് സ്ഥാനാർഥികളുടെ യോഗ്യതയും കഴിവുമാണ് ചർച്ച. അവർ മണ്ഡലത്തിനകത്തുള്ളവരാണോ പുറത്തുള്ളവരാണോ, ജനങ്ങൾക്ക് പ്രാപ്യമായവരാണോ അല്ലാത്തവരാണോ എന്നെല്ലാം ചർച്ചയാണ്.
തെരഞ്ഞെടുപ്പ് ഹിന്ദു-മുസ്ലിം ആക്കാൻ ഇത്തവണയും ബി.ജെ.പി നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും അതേശിയിട്ടില്ല. ഭൂമിഹാറുകൾ അടക്കമുള്ള ഉന്നത ജാതിക്കാർ ഇത്തവണയും ബി.ജെ.പിയോടൊപ്പമാണെങ്കിലും ആ വോട്ടുബാങ്കിലും ഭിന്നിപ്പുണ്ടായിരിക്കുന്നു.
ബേഗുസാരായിയെ പ്രതിനിധാനം ചെയ്യുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ ഹിന്ദു-മുസ്ലിം ധ്രുവീകരണശ്രമംപോലും ഏശിയില്ല. മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസ്താവനകളോട് അദ്ദേഹത്തിന്റെ ജാതിക്കാരായ ഭൂമിഹാറുകളിൽനിന്ന് തന്നെയുണ്ടായ എതിർപ്പ് അതിന്റെ തെളിവാണ്. ‘ഹിന്ദു-മുസ്ലിം’ ബി.ജെ.പി വോട്ടർമാർതന്നെ തിരസ്കരിച്ചു തുടങ്ങിയിരിക്കുന്നു.
ഉയർന്ന ജാതിക്കാരായ ബി.ജെ.പി പ്രവർത്തകർ ഗിരിരാജിനെ ഇത്തവണ മാറ്റാൻ ആഗ്രഹിച്ചതും അതുകൊണ്ടാണ്. ബേഗുസാരായി മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി ബുദ്ധിജീവിയും രാജ്യസഭ എം.പിയുമായ രാകേഷ് സിൻഹയെ മത്സരിപ്പിക്കണമെന്ന് അവർ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ജനങ്ങളിൽനിന്ന് ആവശ്യമുയർന്നിട്ടും അദ്ദേഹത്തിന് ടിക്കറ്റ് നൽകിയില്ല. പ്രഫസറായ അദ്ദേഹത്തിനോടുള്ള രോഷം ഗിരിരാജ് പരസ്യമായി പ്രകടിപ്പിക്കുകയും മോശം വാക്കുകൾകൊണ്ട് അധിക്ഷേപിക്കുകയും ചെയ്തു. ഗിരിരാജ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് രാകേഷ് സിൻഹ പരസ്യ പ്രസ്താവന നടത്തുവോളം അവർക്കിടയിലെ ഭിന്നതയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.