ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്തെത്തിയ ബംഗാളിലെ വലിയൊരു വിഭാഗമാണ് മതുവ സമുദായം. 2019ലെ പൊതുതെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും നാദിയ, നോർത്ത് പർഗാന ജില്ലകളിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായതിൽ മതുവ സമുദായത്തിന്റെ പിന്തുണക്ക് വലിയ പങ്കുണ്ട്. ഇവരുടെ വോട്ട് ഏകീകരിക്കാനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാൻ തൃണമൂൽ കോൺഗ്രസും പിറകിലുണ്ട്. സി.എ.എ കൊണ്ടുവന്നതിന് പിന്നാലെ മതുവ സമുദായത്തിലെ മതപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന മതുവ മഹാസംഗ വിഭാഗത്തിലെ ആത്മീയ ഗുരുവായ മമത ഠാകുറിനെ തൃണമൂൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തിരുന്നു. സി.എ.എ വിജ്ഞാപനം വന്നതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് വിലയിരുത്തി മമത ഠാകുർ മാധ്യമത്തോട് സംസാരിക്കുന്നു
ജനസേവനമാണ് സമുദായത്തിലെ ലക്ഷ്യം. ജനപ്രതിനിധി കൂടിയാകുന്നതുവഴി ജനസേവനം കൂടുതൽ എളുപ്പമാവും. ബംഗാൾ ജനതയുടെ പ്രത്യേകിച്ച് ഒരു പാട് പ്രയാസം നേരിടുന്ന പലായനം ചെയ്തെത്തിയ മതുവ കമ്യൂണിറ്റിയുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്. തൃണമൂൽ കോൺഗ്രസ് അതിനായി ഒരു സഹായം നൽകുന്നുണ്ട്.
സി.എ.എ നടപ്പാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ സമുദായത്തിന്റെ പിന്തുണ ബി.ജെ.പി നേടിയെടുത്തത്. എന്നാൽ, ഭേദഗതി വന്നതോടെ അത് പരാജയമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതിൽ ആവശ്യപ്പെടുന്ന രേഖകൾ വിചിത്രമാണ്. പലായനം ചെയ്തു എന്നതിന്റെ തെളിവ് അടക്കം ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ പൗരത്വമുള്ളവരാണ് അധികപേരും. വീണ്ടും പൗരത്വം ലഭിക്കാൻ ഒരിക്കലും ലഭിക്കാത്ത രേഖകളും മറ്റും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രയാസപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. അതുകൊണ്ട് വിജ്ഞാപനം വന്നിട്ടും ആരും അപേക്ഷപോലും നൽകിയിട്ടില്ല. അവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
2019 തീർച്ചയായും ആവർത്തിക്കില്ല. സി.എ.എ പറഞ്ഞായിരുന്നു അന്ന് വോട്ട് പിടിച്ചത്. അത് പ്രയാസപ്പെടുത്തലാണെന്ന് ജനം തിരിച്ചറിഞ്ഞു. കഴിഞ്ഞ തവണ സി.പി.എം വോട്ടുകളും ഒന്നായി ബി.ജെ.പിയിലേക്ക് പോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച സി.പി.എം നഷ്ടമായ വോട്ട് തിരിച്ചുപിടിച്ചത് ബി.ജെ.പി പരാജയത്തിന് കാരണമായിരുന്നു. പൊതുതെരഞ്ഞെടുപ്പിലും സി.പി.എം പിടിക്കുന്ന വോട്ട് ബി.ജെ.പിക്ക് തിരിച്ചടിയാകും.
വർഗീയ രാഷ്ട്രീയം ബംഗാളിൽ വിലപ്പോവില്ല. തങ്ങളുടെ ആത്മീയ കേന്ദ്രങ്ങളിലും മറ്റും വന്ന് മോദി പ്രസംഗിക്കുകയും നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. അതൊന്നും നിറവേറ്റിയിട്ടില്ല. 10 കൊല്ലം ഭരിച്ച മോദി രാജ്യത്തിന് ഒന്നും നൽകിയിട്ടില്ലെന്ന് മാത്രമല്ല, ഉള്ളതെല്ലാം സ്വകാര്യവത്കരിച്ചു. തൊഴിലില്ലായ്മ രൂക്ഷമാക്കി. പാവങ്ങളുടെ ജീവിതം ദുസ്സഹമാക്കി. എല്ലാ തവണയും ജനങ്ങളെ പറ്റിക്കാനാവില്ല.
സന്ദേശ്ഖാലി പ്രശ്നം ദേശീയ മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ വാർത്തകൾ ഉയർത്തി വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമം നടത്തിയിരുന്നു. ജനങ്ങൾ അത് തിരിച്ചറിഞ്ഞതോടെ ആ നീക്കം പരാജയപ്പെട്ടു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പിന്നാമ്പുറ കളികളുടെ പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നുണ്ട്.
42ൽ 30നു മുകളിൽ സീറ്റ് പാർട്ടി ഉറപ്പിച്ചതാണ്. കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലങ്ങളിൽ പാർട്ടി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.