മണിപ്പൂരിന്റെ സമകാലിക രാഷ്ട്രീയ കലാപാന്തരീക്ഷത്തെക്കുറിച്ച് സംവിധായകൻ ഹൂബാം പബൻ കുമാർ ‘മാധ്യമ’വുമായി സംസാരിക്കുന്നു
ഗുജറാത്തിനുശേഷം വംശീയോന്മൂലനത്തിന് സമാനമായ മറ്റൊരു കൂട്ടക്കുരുതിയാണ് ഏഴുമാസമായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ അരങ്ങേറുന്നത്. കലാപം അടിച്ചമർത്തിയെന്ന് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ആവർത്തിക്കുമ്പോഴും ഓരോ ദിവസവും വംശവെറിയുടെ ഭാഗമായി മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ശാന്തമായിരുന്ന താഴ്വരകളും കുന്നുകളും പ്രേതാലയമായി മാറി.
വെടിമരുന്ന് മണക്കുന്ന ഈ ഭൂമിയുടെ ജീവിതം പറയുകയാണ് 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മണിപ്പൂരുകാരനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ ഹൂബാം പബൻ കുമാർ. വംശീയ സംഘർഷങ്ങൾക്കും കലാപങ്ങൾക്കുമിടയിൽ കാണാതാകുന്ന ഒരു കൗമാരക്കാരന്റെ കഥയാണ് ജോസഫിന്റെ മകൻ. ഫുട്ബാൾ പ്രേമിയായ മകനെ തേടിയുള്ള ജോസഫിന്റെ യാത്ര മണിപ്പൂരിന്റെ ഭൂതകാലവും വർത്തമാനവും അടയാളപ്പെടുത്തുന്നു.
ആദ്യമേ പറയട്ടേ, ഞാൻ മെയ്തേയ് വിഭാഗക്കാരനാണ്. അതുകൊണ്ട് ഞാൻ പറയുന്നതിനെ താങ്കൾ ഏത് അർഥത്തിലെടുക്കുമെന്ന് അറിയില്ല. മെയ്തേയ്, കുക്കി, നാഗ എന്നീ വംശങ്ങളിൽപെട്ടവരാണ് ബഹുഭൂരിപക്ഷം മണിപ്പൂരികളും. ഹിന്ദു വിഭാഗത്തില്‍പെട്ട മെയ്തേയികളാണ് പ്രബലര്‍.
തലസ്ഥാനമായ ഇംഫാലിലെ താഴ്വരകളിലാണ് മെയ്തേയികൾ വസിക്കുന്നത്. കുക്കികളും നാഗകളും പ്രധാനമായും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. മലയോര മേഖലകളാണ് ഇവരുടെ തട്ടകം. കോൺഗ്രസ് ഭരിച്ച കാലത്ത് സാമുദായിക സംഘർഷങ്ങളും പട്ടാള ആക്രമണങ്ങളും മണിപ്പൂരിന്റെ നെഞ്ച് പിളർത്തിയെങ്കിൽ ബി.ജെ.പി ഭരണമേറ്റതോടെ ആറുവർഷമായി മണിപ്പൂരിന്റെ ക്രമസമാധാന നിലയും സാമ്പത്തിക ഭദ്രതയും മെച്ചപ്പെട്ടുവരികയായിരുന്നു.
പുതിയ വ്യവസായ സംരംഭങ്ങളുണ്ടാകുന്നു, തൊഴിലവസരങ്ങളുണ്ടാകുന്നു. നിക്ഷേപങ്ങൾക്ക് സംരംഭകർ തയാറാകുന്നു. കാര്യങ്ങൾ സമാധാനമായി പോകുന്നതിനിടെ കഴിഞ്ഞ മേയ് മൂന്നിന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. പെട്ടെന്നൊരു ദിവസം ഇത്തരമൊരു രക്തച്ചൊരിച്ചിലുണ്ടാകാനുള്ള കാരണം എന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മെയ്തേയികൾക്ക് പട്ടികവർഗ പദവി നൽകിയതിനെതിരെയാണ് കലാപമെന്ന വാദമുണ്ട്.
അത്തരമൊരു പദവിക്കുവേണ്ടിയുള്ള വാദപ്രതിവാദങ്ങൾ എത്രയോ കാലങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ്. കോടതി ഉത്തരവ് കൊണ്ട് കലാപമുണ്ടായെന്ന് വിശ്വസിക്കുന്നില്ല. ഇതും ഒരു കാരണമാണ്. അതോടൊപ്പം മയക്കുമരുന്ന് കച്ചവടം, ഭൂമിപ്രശ്നം, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഇടപെടൽ അങ്ങനെ പലതും ഈ കലാപത്തിന് പിന്നിലുണ്ട്. മണിപ്പൂർ കത്തിയതല്ല, കത്തിച്ചതാണ്. ആരാണ് പിന്നിലെന്നതാണ് ചോദ്യം.
ഭരണകൂടത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള വാദങ്ങളാണിത്. രണ്ടുദിവസം മുമ്പുപോലും കുട്ടികളടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. ‘സ്വാതന്ത്ര്യത്തിന്റെ ഭൂമി’ അഥവാ സാലെന്‍ ഗാം എന്ന് വിശേഷിപ്പിക്കുന്ന മാതൃരാജ്യം സ്ഥാപിക്കണമെന്ന ആവശ്യവുമായി 90കളില്‍ ആയുധം കൈയിലെടുത്തവരാണ് കുക്കികള്‍. കുക്കികളുടെ അധിവാസപ്രദേശത്തിന്റെ വലിയൊരു ഭാഗവും ‘നാഗാലിമു’മായി (ഗ്രേറ്റര്‍ നാഗാലാന്‍ഡ് എന്ന പേരില്‍ നാഗകള്‍ ആവശ്യമുന്നയിക്കുന്ന സ്വതന്ത്രനാട്) ചേര്‍ന്നുകിടക്കുന്നതാണ്.
ഇതുമൂലം നാഗകളുമായുള്ള ഏറ്റമുട്ടലിനാണ് 90കളില്‍ കുക്കികള്‍ ആയുധമെടുക്കുന്നത്. ആ കലാപത്തിന്റെ തീ കെട്ടടങ്ങിയത് നാലുവർഷത്തിനുശേഷമാണ്. ഈ കലാപവും അവസാനിക്കാൻ കൂടുതൽ സമയമെടുക്കും. അത്രത്തോളം മുറിവ് ഇരുപക്ഷത്തുമുണ്ടായിട്ടുണ്ട്. ഒന്നായി ജീവിച്ചവരുടെ മനസ്സും ശരീരവും രണ്ടായി മുറിക്കപ്പെട്ടിരിക്കുന്നു. എല്ലാവർക്കും വേണ്ടത് സ്വതന്ത്രനാട്. പക്ഷേ, ഒരു മണിപ്പൂരുകാരനായി മരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
ഗൗരവതരവും സങ്കീർണവുമായ വിഷയമാണിത്. ഇതിൽ ചില അന്താരാഷ്ട്ര താൽപര്യങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്. കലാപം സജീവമായി നിർത്തുന്നതിന് അയൽ രാജ്യങ്ങൾക്കും താൽപര്യമുണ്ടാകും.
ഇതിനായി മ്യാന്മറിൽനിന്നടക്കം ആയുധമെത്തുന്നുണ്ടെന്ന് ഞാൻ കരുതുന്നു. കലാപത്തിനിടയിൽ പൊലീസ് സ്റ്റേഷനുകൾ കൊള്ളയടിച്ച് ഇരുവിഭാഗവും ആയുധങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്റെ അടുത്ത സിനിമ ഈ കലാപത്തിന്റെ പിന്നാമ്പുറം തേടിയുള്ളതായിരിക്കും.
ആരുപറഞ്ഞു പ്രതിഷേധങ്ങളുണ്ടായില്ലെന്ന്. ചിലപ്പോൾ അവയൊന്നും നിങ്ങളുടെ ശ്രദ്ധയിലെത്തിയില്ലായിരിക്കാം. തിയറ്റർ ആർട്ടിസ്റ്റായ എന്റെ അമ്മാവനടക്കമുള്ളവർ കലാപം അടിച്ചമർത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി നിവേദനം നൽകി. നിരന്തരം പ്രസ്താവനകളും പ്രതിഷേധങ്ങളും നടത്തി. കാര്യങ്ങൾ കൈവിട്ടുപോയിട്ടുപോലും പ്രധാനമന്ത്രിയെപ്പോലൊരാൾ ഇതിനെക്കുറിച്ച് മിണ്ടാത്തത് അത്ഭുതപ്പെടുത്തി.
അദ്ദേഹം ഇടപെട്ടിരുന്നെങ്കിൽ കലാപം ഇത്രത്തോളം വളരില്ലായിരുന്നു. നീതിന്യായസംവിധാനത്തിന്റെ സഹായത്തോടെയോ ഭരണഘടനപരമായ മറ്റ് വഴികളിലൂടെയോ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാല്‍, മനുഷ്യര്‍ പരസ്പരം വെട്ടിക്കൊല്ലുന്ന അവസ്ഥയിലേക്കാണ് ഭരണകൂടം കാര്യങ്ങളെത്തിച്ചത്.
ഭാഗ്യവശാൽ 18 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ സർക്കാറിൽനിന്ന് യാതൊരു ഇടപെടലുമുണ്ടായിട്ടില്ല. മണിപ്പൂരിലെ കരിനിയമമായ അഫ്സ്പക്കെതിരെ ഡോക്യുമെന്ററി ചെയ്തുകൊണ്ടാണ് ചലച്ചിത്രജീവിതം ആരംഭിച്ചത്. എനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെയാണ് തിരശ്ശീലയിലേക്ക് പകർത്തിയത്.
അത് ഡോക്യുമെന്ററിയായാലും സിനിമയായാലും. ലോകമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സിനിമകളെ മണിപ്പൂർ സർക്കാറുകൾ പ്രോത്സാഹിപ്പിക്കാറുണ്ട്. ‘ജോസഫിന്റെ മകൻ’ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു സിനിമ തെരഞ്ഞെടുക്കപ്പെടുക എന്നത് ഏതൊരു സംവിധാകനെ സംബന്ധിച്ചും വലിയ അംഗീകാരമാണ്. കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളകളിൽ എന്റെ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സിനിമകളോടുള്ള കേരളത്തിലെ പ്രേക്ഷകരുടെ അഭിനിവേശം അത്ഭുതപ്പെടുത്താറുണ്ട്.
മണിപ്പൂരിൽ വനിതാ ചലച്ചിത്ര സംവിധായകർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. കൂടുതൽ പേർക്കും താൽപര്യം ഡോക്യുമെന്ററികളോടാണ്. ഭാവിയിൽ മികച്ച വനിതാ ചലച്ചിത്ര സംവിധായകർ മണിപ്പൂരിൽനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.