ബിഹാർ, ബംഗാൾ, യു.പി നിയമസഭ തെരഞ്ഞെടുപ്പ് വേളകളിൽ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടിയുടെ സാന്നിധ്യം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനും ബി.ജെ.പിയെ സഹായിക്കാനുമാണ് പാർട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ അവർ സ്ഥാനാർഥിയെ നിർത്തുന്നത് എന്നാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ച പ്രധാന ആക്ഷേപം. മജ്ലിസിന്റെ ഹോം ഗ്രൗണ്ടായ തെലങ്കാന നിയമസഭയിലേക്ക് ഈ മാസം 30ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോപണ യുദ്ധങ്ങൾ മൂർധന്യത്തിലാണ്. 2009 മുതൽ പാർട്ടി സ്വന്തമാക്കി വെച്ചിരിക്കുന്ന ഏഴ് സീറ്റുകളിലുൾപ്പെടെ ഒമ്പതിടത്താണ് മജ്ലിസ് ഇവിടെ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ബാക്കി 110 മണ്ഡലങ്ങളിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നയിക്കുന്ന ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്)യെ പിന്തുണക്കുന്നു. ഒപ്പം ഇതാദ്യമായി രാജസ്ഥാനിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. പാർട്ടി മേധാവിയും പാർലമെന്റംഗവുമായ അസദുദ്ദീൻ ഉവൈസി നേരിട്ടിറങ്ങിയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. പര്യടനത്തിരക്കുകൾക്കിടയിൽ ഉവൈസി ‘മാധ്യമ’വുമായി സംസാരിച്ചു. സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ
രാഷ്ട്രീയ സാഹചര്യങ്ങളെ വിശദമായി വിലയിരുത്തി എടുത്ത തീരുമാനമാണിത്. ഹൈദരാബാദിനു പുറത്തുള്ള മണ്ഡലങ്ങളിലും മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന് ഫലപ്രദമായി സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്നാണ് ഞങ്ങൾ ആലോചിച്ചത്.
നിലവിൽ ഞങ്ങൾക്ക് ഏഴ് എം.എൽ.എമാരുണ്ട്. രണ്ട് സീറ്റുകളിൽകൂടി സ്ഥാനാർഥികളെ നിർത്തി, ബാക്കി മണ്ഡലങ്ങളിൽ ബി.ആർ.എസിനുവേണ്ടിയാണ് ഞങ്ങൾ ജനങ്ങളോട് വോട്ടഭ്യർഥിക്കുന്നത്.
കഴിഞ്ഞ പത്തു വർഷം കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഈ പാർട്ടിയുടെ സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി കാര്യമായ സംഭാവനകളർപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനും പരിശ്രമിച്ചു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി ക്ഷേമപദ്ധതികൾ നടപ്പിൽ വരുത്തി.
ന്യൂനപക്ഷ ക്ഷേമത്തിനായി 2,000 കോടി രൂപയാണ് നൽകിയത്. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ന്യൂനപക്ഷങ്ങൾക്കായി ഇത്രയും തുക വകയിരുത്തിയിട്ടില്ല. കഴിഞ്ഞ ദശകത്തിൽ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ഏകദേശം 12,000 കോടി രൂപ ചെലവഴിച്ചു. ന്യൂനപക്ഷങ്ങൾക്കായി 204 റെസിഡൻഷ്യൽ സ്കൂളുകളും കോളജുകളും ആരംഭിച്ചു. 1.80 ലക്ഷം ന്യൂനപക്ഷ വിദ്യാർഥികളാണ് ഈ സ്കൂളുകളിലും കോളജുകളിലുമായി പഠിച്ചുവളരുന്നത്.
അതിലെല്ലാം ഉപരിയായി ക്രമസമാധാനവും സാമുദായിക സൗഹാർദവും സർക്കാർ ഉറപ്പാക്കി. 10 വർഷത്തിനിടെ സംസ്ഥാനത്ത് വർഗീയ കലാപങ്ങളോ കർഫ്യൂവോ ഉണ്ടായിട്ടില്ല. കെ.സി.ആർ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ മുന്നേറുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
മജ്ലിസ് ഇതുവരെ മത്സരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളുടെ പേരും രാഹുൽ ഗാന്ധി എണ്ണിപ്പറയുന്നുണ്ട്. അവരുടെ കഴിവുകേടിന് ഞങ്ങളുടെ പാർട്ടിയെ കുറ്റപ്പെടുത്തുന്നത് കോൺഗ്രസിന്റെയും അതിന്റെ നേതാക്കളുടെയും ശീലമാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അമേത്തിയിൽനിന്ന് രാഹുൽ ഗാന്ധി പരാജയപ്പെട്ടത് മജ്ലിസ് അവിടെ മത്സരിച്ചിട്ടാണോ? ബി.ജെ.പിയെ തടയാൻ അവർക്ക് സാധിക്കുന്നില്ല, അതിന്റെ കാരണമെന്തെന്ന് ആലോചിക്കണം.
ഞങ്ങൾ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെയാണ് മത്സരിക്കുന്നത്. മുസ്ലിംകൾ ഒരു രാഷ്ട്രീയശക്തിയാകുന്നതിനെ ഇരു പാർട്ടികളും ഇഷ്ടപ്പെടുന്നില്ല. ഒരു പാർട്ടി ദേശസ്നേഹത്തിന്റെയും മറ്റൊരു പാർട്ടി മതേതരത്വത്തിന്റെയും മൊത്തക്കച്ചവടക്കാരായി ഭാവിക്കുന്നു. ബി.ജെ.പി മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വംതന്നെ തകർക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് സമുദായത്തെ വോട്ടിനു വേണ്ടി മാത്രം ഉപയോഗിക്കുന്നു. ഞങ്ങൾ അവർക്ക് വോട്ട് ചെയ്ത് വീട്ടിൽ പോയി ഇരിക്കണം എന്ന നിലപാടാണ് കോൺഗ്രസിന്.
സത്യത്തിൽ കോൺഗ്രസിന്റെ വർഗീയത ഒരു രഹസ്യമേയല്ല. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വഴിയൊരുക്കിയത് കോൺഗ്രസാണെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥ് പരസ്യമായ അവകാശവാദം ഉന്നയിച്ചു. കോൺഗ്രസ് ഭരണകാലത്ത് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറന്നതാണ് ആത്യന്തികമായി രാമക്ഷേത്ര നിർമാണത്തിലേക്ക് നയിച്ചത്. ബാബരി മസ്ജിദ് തകർത്തതും കോൺഗ്രസ് ഭരണത്തിലിരുന്ന വേളയിലാണ്.
2004 മുതൽ 2012 വരെ മൻമോഹൻ സിങ് സർക്കാറിനെ പിന്തുണച്ചതിന് കോൺഗ്രസ് ഞങ്ങൾക്ക് എത്ര രൂപ നൽകിയെന്നുകൂടി രാഹുൽ ഗാന്ധി ജനങ്ങളോട് പറയണം. ആണവ കരാറിനെ പിന്തുണച്ചതിന് കോൺഗ്രസ് എത്ര പണം നൽകി, പ്രണബ് മുഖർജിയുടെ രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ പിന്തുണച്ചതിന് എന്തു നൽകി എന്നുകൂടി അദ്ദേഹം വെളിപ്പെടുത്തണം. ഞങ്ങൾ ഒരാളുടെയും ബി ടീമോ സി ടീമോ അല്ല.
ഞങ്ങളുടെ നിലപാട് സുവ്യക്തമാണ്. ഞങ്ങൾക്ക് സ്വന്തമായ ഒരു നയപരിപാടിയുണ്ട്, അതിൻപ്രകാരമാണ് മുന്നോട്ടു പോകുന്നത്. മുസ്ലിംകൾക്ക് രാഷ്ട്രീയമായ ശബ്ദമില്ലാത്തിടത്തോളം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. തെലങ്കാനയിലെ സർക്കാർ ന്യൂനപക്ഷങ്ങൾക്കായി വലിയ ബജറ്റ് തുക വകയിരുത്തുകയും അവരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നുവെങ്കിൽ, അത് മുസ്ലിംകൾക്ക് എം.ഐ.എമ്മിന്റെ രൂപത്തിൽ രാഷ്ട്രീയ ശബ്ദമുള്ളതുകൊണ്ടാണ്.
അതിൽ പുതുമയൊന്നുമില്ല. അടിസ്ഥാനരഹിതമായ ആ ആരോപണം അവർ വർഷങ്ങളായി ഉന്നയിക്കുന്നതാണ്. ഞങ്ങൾ ജാതി-മത വിവേചനമൊന്നുമില്ലാതെ എല്ലാ വിഭാഗം ആളുകൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഹൈദരാബാദ് നഗരസഭയുടെ മേയർ പദവി പാർട്ടിയിലെ ഒരു അമുസ്ലിം നേതാവിനെയാണ് ഞങ്ങൾ ഏല്പിച്ചത്.
മുസ്ലിംകളല്ലാത്ത നിരവധി നഗരസഭാംഗങ്ങൾ ഞങ്ങളുടെ പാർട്ടിയിൽനിന്നുണ്ട്. മുസ്ലിംകളുടെ ഭരണഘടനാവകാശങ്ങൾക്കു വേണ്ടി മാത്രമല്ല, ദലിതുകൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിധ ദുർബല സമൂഹത്തിനും വേണ്ടിയാണ് ഞങ്ങൾ പൊരുതുന്നത്.
ജനങ്ങൾ കോൺഗ്രസിനെ വിശ്വസിക്കുന്നില്ല. എന്താണ് അവരുടെ ഭരണകാലത്തെ ട്രാക് റെക്കോഡ്? അത് കലാപങ്ങളും കർഫ്യൂവും മാത്രമാണ് നൽകിയത്. കോൺഗ്രസ് അധികാരത്തിൽ വന്നശേഷം കർണാടകയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. കർണാടക പബ്ലിക് സർവിസ് കമീഷൻ ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് പറഞ്ഞിരുന്നല്ലോ, അത് നടപ്പാക്കിയോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.