ശക്തമായ ത്രികോണ മത്സരത്തിൽ അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ (എ.ഐ.എം.ഐ.എം) വിജയ പ്രതീക്ഷ പുലർത്തുന്ന ബിഹാറിലെ ഏക സീറ്റാണ് കിഷൻഗഞ്ച്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് മജ്ലിസ് സ്ഥാനാർഥികളെ ജയിപ്പിച്ച സീമാഞ്ചൽ മേഖലയിലെ നാലിലൊരു ജില്ല. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മജ്ലിസ് സ്ഥാനാർഥി അക്തറുൽ ഈമാന്റെ പ്രചാരണത്തിന് ജനത കനയ്യബാഡിയിൽ എത്തിയ അസദുദ്ദീൻ ഉവൈസി എം.പി ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം
മുസ്ലിംകളും ഈ രാജ്യത്തിന്റെ ജനതയാണ്. രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രി മുസ്ലിംകളുടെയും പ്രധാനമന്ത്രിയല്ലേ? സ്വന്തം ജനതക്കെതിരെയാണ് മോദി വിദ്വേഷം പ്രചരിപ്പിക്കുന്നത്. താൻ രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണെന്ന് മോദി ആലോചിക്കുന്നില്ല. ‘സബ് കാ സാഥ്, സബ് കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രി വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം. പ്രധാനമന്ത്രി ഈ പണിക്കിറങ്ങിയാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും രാജ്യത്ത് വിദ്വേഷം വ്യാപിക്കും.
രാജ്യത്തിന്റെ പ്രധാനമന്ത്രിയാണിത് ചെയ്യുന്നത്. മോദിയടക്കം അദ്ദേഹത്തിന്റെ പിതാവിന് ആറ് മക്കളാണ്. അമിത് ഷാക്ക് ആറ് സഹോദരങ്ങളാണ്. ആരാണ് ഇത്തരമൊരു ചർച്ചക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരോയൊരു ഗാരന്റിയേയുള്ളൂ. രാജ്യത്തെ മുസ്ലിംകളോടുള്ള വിദ്വേഷമാണത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഹിറ്റ്ലറുടെ ഭാഷയിൽ സംസാരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലല്ല അദ്ദേഹം സംസാരിക്കുന്നത്. അതാണ് തന്നെ വേദനിപ്പിക്കുന്നത്. മോദിക്ക് കോൺഗ്രസിനെക്കുറിച്ചോ ഏതെങ്കിലും പാർട്ടിയെക്കുറിച്ചോ പറയണമെന്നുണ്ടെങ്കിൽ പറഞ്ഞോളൂ. എന്നാൽ, രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഒരു സമുദായത്തെ ഇത്തരത്തിൽ ചീത്ത വിളിക്കാനാകുമോ?
ഹിന്ദു സമുദായത്തിലെ ഉന്നത ജാതിക്കാരുടെയും ഒ.ബി.സിക്കാരുടെയും മക്കളെല്ലാവരും തങ്ങളുടെ പിതാമഹന്മാരെപോലെ സമ്പാദിക്കുന്നുണ്ട്. ഏറ്റവും കുറവ് സമ്പാദിക്കുന്നത് മുസ്ലിംകളാണ്. നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളുടെ പ്രീമെട്രിക് സ്കോളർഷിപ് ഒമ്പതാം ക്ലാസിന് മുകളിലേക്ക് മാത്രമാക്കി. ബജറ്റ് വിഹിതം 40 ശതമാനം വെട്ടിക്കുറച്ചു. അതേ നരേന്ദ്ര മോദി രാജ്യത്തിന്റെ 40 ശതമാനം സമ്പാദ്യം ഒരു ശതമാനത്തിന് നൽകി.
കോവിഡ് കാലത്ത് നദികളിൽ മൃതശരീരങ്ങൾ ഒഴുകിനടക്കുകയായിരുന്നു. നമ്മുടെ സഹോദരിമാർ വിധവകളായി. അവരെക്കുറിച്ചും മോദി വല്ലതും പറയണം. രാജ്യത്തിന്റെ പ്രധാനമന്ത്രി എത്രകാലം വിദ്വേഷം പടർത്തും? എത്രകാലം മംഗൾ സൂത്ര (കെട്ടുതാലി)യുടെ കാര്യം പറഞ്ഞുനടക്കും? മംഗൾസൂത്ര അണിയുന്നവരുടെ മാത്രം പ്രധാനമന്ത്രിയാണോ താനെന്ന് അദ്ദേഹം പറയണം. 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയായി മാറുകയാണ് മോദി ചെയ്യേണ്ടത്.
ഞങ്ങളോട് ആരെങ്കിലും വിദ്വേഷം കാണിച്ചോട്ടെ, അത് ഞങ്ങൾക്ക് പ്രശ്നമല്ല. എന്നാലും ഞങ്ങൾ ആരോടും വിദ്വേഷം വെച്ചുപുലർത്തുകയില്ല. ഇതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം. ജനം കാണിക്കുന്ന ഈ സ്നേഹമാണ് ഞങ്ങൾക്കുള്ള സമ്മതിയും സമ്പാദ്യവും ആദരവും.
സീമാഞ്ചലിൽ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ അതേ വിജയം ഈ ലോക്സഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. കിഷൻഗഞ്ചിലെ ജനത അക്തറുൽ ഈമാന് ഭൂരിപക്ഷം നൽകി തങ്ങളുടെ പുതിയ എം.പിയായി ലോക്സഭയിലെത്തിക്കും. കോൺഗ്രസിന്റെ സിറ്റിങ് എം.പി ഡോ. ജാവേദിനെ കഴിഞ്ഞ അഞ്ച് വർഷം ഈ മണ്ഡലത്തിലെവിടെയും കണ്ടിട്ടില്ല.
ഡോ. ജാവേദിനെ കണ്ടിരുന്നോ എന്ന് ഈ മണ്ഡലത്തിലെ ഏതെങ്കിലുമൊരു വോട്ടറെ സമീപിച്ച് താങ്കൾ ചോദിച്ചുനോക്കൂ. കിഷൻ ഗഞ്ചിൽ എവിടെയും ജാവേദിനെ കണ്ടില്ല. ഒരു പണിയുമെടുത്തില്ല. അത് കൊണ്ടാണ് കിഷൻഗഞ്ചിലെ ജനത ഇക്കുറി അക്തറുൽ ഈമാനെ വിജയിപ്പിക്കാനിറങ്ങിയിരിക്കുന്നത്. വികസനവും നീതിയുമാണ് സീമാഞ്ചലിന് വേണ്ടത്. അതിനാണ് അക്തറുൽ ഈമാന്റെ മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.