ആംസ്റ്റർഡാം നഗരവും സൈക്കിളുകളും ഇപ്പോൾ ഒരു ക്ലീഷേയായിട്ടുണ്ട്. ഇനിയും അതേക്കുറിച്ച് പറഞ്ഞാൽ ഇതെത്രാമത്തെ തവണയാണിത് കേൾക്കുന്നത് എന്നു ചോദിക്കാത്തവർ വിരളമായിരിക്കും. എന്നാലും, ആംസ്റ്റർഡാമ ിൽ എത്തിയാൽ നമ്മുടെ കണ്ണുകൾ ആദ്യം ഉടക്കുന്നത് സ്വച്ഛമായി ഒഴുകിക്കൊണ്ടിരിക്കുന്ന സൈക്കിളുകളിലാവും.
സൈക ്കിളുകളും കനാലുകളും വിൻഡ് മില്ലുകളും ധാരാളമുള്ള, സ്വാദിഷ്ടമായ വെണ്ണക്കട്ടികൾ ലഭിക്കുന്ന യൂറോപ്പിലെ സുന്ദരമ ായ നഗരം. നമ്മുടെ നാട്ടിലെ പല വിലക്കുകൾക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട്. യൂറോപ്യൻ സവാരി പ്ലാൻ ചെയ്യുന്ന ഏതൊരു സഞ് ചാരിയുടെയും മനസ്സിലേക്കും ആദ്യമെത്തുന്ന നഗരങ്ങളിൽ ഒന്ന് ആംസ്റ്റർഡാം തന്നെ.
ഇപ്പോൾ നെതർലാൻഡ് എന്നറിയപ്പെടുന്ന പഴയ ഹോളണ്ടിന്റെ തലസ്ഥാന നഗരിയാണ് ആംസ്റ്റർഡാം. എവിടെ നോ ക്കിയാലും ചെറുതും വലുതുമായ കനാലുകളും സൈക്കിൾ യാത്രക്കാരും. പ്രധാനനിരത്തിനോട് ചേർന്നു തന്നെ സൈക്കിൾ സവാരിക്ക ാർക്കായി മാത്രം പ്രത്യേകം ചുവപ്പൻ പാതകൾ. സൈക്കിൾ സവാരിക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. ലോകത്തിലെ ഏറ്റവു ം കൂടുതൽ സൈക്കിൾ യാത്രക്കാർ ഉള്ള നഗരങ്ങളിൽ മുൻപന്തിയിലാണ് ആംസ്റ്റർഡാം. അവർക്ക് കിട്ടുന്ന സൗകര്യങ്ങളും പരി ഗണനയും മറ്റെവിടെയും നിങ്ങൾക്ക് കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇൗ നഗരത്തെ ആരും 'സൈക്കിൾ നഗരം' എന്നു വിളിച്ച ുപോകും.
'കിഴക്കിന്റെ വെനീസ്' എന്ന് നമ്മുടെ ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ടല്ലോ. തലങ്ങും വിലങ്ങുമുള്ള കനാലുകളാണ് ആ പേര് കടൽകടത്തി കൊണ്ടുവന്നത്. അതുപോലെ ചെറുതും വലുതുമായ ഒട്ടനവധി കനാലുകൾ ഉള്ളതിനാൽ 'വടക്കിന് െറ വെനീസ്' (Venice of North) എന്ന വിശേഷണവുമുണ്ട് ആംസ്റ്റർഡാമിന്. ഒട്ടുമിക്ക വീടുകളുടെയും പീടികകളുടെയും മുൻവശത്ത് ചെറിയൊരു കനാലെങ്കിലും ഉണ്ടാകും. അതി സൂക്ഷ്മമായ നഗരാസൂത്രണത്തിന്‍െറ ഭാഗമായി നിർമ്മിക്കപ്പെട്ട ഈ കനാലുകൾക്ക് ആംസ്റ്റർഡാമിന്റെ ടൂറിസത്തിൽ സുപ്രധാന പങ്കുണ്ട്. സൈക്കിളും കാനാലും മാത്രമല്ല ഒരുപറ്റം പുരാതന കെട്ടിട നിർമ്മ ിതികളും ലോകപ്രശസ്തമായ പല മ്യൂസിയങ്ങളുമൊക്കെയായി ഒരു സഞ്ചാരിയുടെ കാഴ്ചകളിൽ വിസ്മയം നിറയ്ക്കാൻ പോന്നെതല ്ലാമുണ്ട് ഇൗ നഗരത്തിൽ.
തിരക്കേറിയ ഡാം സ്‌ക്വയർലേക്ക്...
മഞ്ഞു പെയ് തൊഴിഞ്ഞ ഒരു പകലിലാണ് ഞങ്ങൾ ആംസ്റ്റർഡാമിലേക്ക് തിരിച്ചത്. ഏകദേശം രാവിലെ 10 മണിയോട്കൂടി ഞങ്ങൾ ആംസ്റ്റർഡം സെൻട്ര ൽ സ്റ്റേഷനിൽ എത്തി. ട്രാം സ്റ്റേഷന് സമീപം ആവശ്യക്കാർക്ക് നഗര ഭംഗി ആസ്വദിക്കാൻ സൈക്കിളുകളും ബോട്ടുകളും വാടകയ് ക്ക് നൽകുന്ന ഒരുപറ്റം സ്ഥാപനങ്ങളുമുണ്ട്. കനാൽ യാത്ര അസ്വദിക്കാനുള്ളവരെ കാത്ത് നിരവധി ടൂർ ഓപ്പറേറ്ററുമാരുടെ ബ ോട്ടുകൾ ടിക്കറ്റുമായി സഞ്ചാരികളെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. എന്തായാലും ട്രാമിലും, നടന്നും ആംസ്റ്റർഡാമ ിനെ ചുറ്റിക്കറങ്ങി കാണാൻ തീരുമാനിച്ചതിനാൽ സ്റ്റേഷനിൽ നിന്നും ഞങ്ങൾ നേരെ ഡാം സ്ക്വയറിലേക്ക് വച്ചു പിടിച്ചു.
പല്ലുകൾ കൂട്ടിയിടിക്കാൻ പാകത്തിൽ തണുപ്പുണ്ടെങ്കിലും നഗരത്തിൽ തിരക്കിനൊട്ടും കുറവില്ല. വിദൂര ദേശങ്ങളിൽ നി ന്നും വന്ന സഞ്ചാരികളാണ് അവരിലേറെയും. ജാക്കറ്റിന്റെയും ഷാളുകളുടെയും ഉള്ളിലൊളിച്ചതിനാൽ പലരുടെയും കണ്ണും മൂക് കും മാത്രമേ പുറമെ കാണുന്നുള്ളു. തലേന്നാൾ പെയ്ത മഞ്ഞിന്റെ പാളികൾ അങ്ങിങ്ങായി അടിഞ്ഞുകിടക്കുന്നു.
ഏകദേശം അഞ്ചു മിനിട്ടത്തെ നടപ്പിനൊടുവിൽ ഞങ്ങൾ ഡാം സ്ക്വയറിൽ എത്തി. റോയൽ പാലസ്, ഗോഥിക് ചർച്ച് എന്നിങ്ങനെ ഒരുപാട് പുരാതന കെട്ടിടങ്ങൾ അവിടെ കാണാം. തെരുവിന്‍െറ ഒരു ഓരത്ത് മദ്യവയസ്സ് പിന്നിട്ട ഒരാൾ പ്രാചീന രീതിയിൽ വേഷവിധാനങ്ങളോടെ, സഞ്ചാരികൾക്ക് സവരിക്കായി തന്‍െറ കുതിരയെ ഒരുക്കി നിർത്തിയിട്ടുണ്ട്. കുതിരക്കാരനിൽ നിന്നും തെല്ല് ദൂരെ മാറിയൊരു മജീഷ്യൻ കാണികളെ രസിപ്പിക്കുന്നു. സാരിയും മുണ്ടും ധരിച്ച്, 'ഹരേ കൃഷ്ണ...' പാടി നീങ്ങുന്ന ചെറു സംഘവും വിദേശികളും സ്വദേശികളുമൊക്കെയായി തെരുവ് ആകെ തിരക്കിലാണ്. ഒരുപറ്റം പ്രാവുകൾ കൂട്ടമായി ഈ തിരക്കൊന്നും വകവെയ്ക്കാതെ സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണ ശകലങ്ങൾക്കായി മത്സരിക്കുന്നുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് രാജ്യത്തിനായി ജീവൻ ബലികഴിച്ച പട്ടാളക്കാരുടെ സ്മരണാർത്ഥം പണികഴിപ്പിച്ച സ്മരകവും ഡാം സ്വകയറിൽ കാണാം. ഇനി ഞങ്ങൾക്ക് പോകാനുള്ളത് 'മാഡം ട്യൂസാണ്ടസ് വാക്സ്' മ്യൂസിയതിലേക്കാണ്.
ജീവൻ തുടിച്ചുനിൽക്കുന്ന മെഴുക് പ്രതിമകൾ
മ്യൂസിയം കാണാൻ നല്ല തിരക്കുണ്ടായിരുന്നു. ഏറെനേരത്തെ കാത്തിരിപ്പിനൊടുവിലാണ് ഞങ്ങൾക്ക് മാഡം ട്യൂസാണ്ടസ് മ്യൂസിയത്തിനുള്ളിൽ പ്രവേശിക്കാനായത്. കാലയവനികക്കുള്ളിൽ മറഞ്ഞവരുടെയും, ജീവിച്ചിരിക്കുന്നവരുടെതുമായ ഒട്ടനവധി പ്രമുഖരുടെ, ജീവൻ തുളുമ്പുന്ന മെഴുക് പ്രതിമകൾ ഒരുക്കിയിരിക്കുന്നു. ഡച് രാജാവ് വില്യം അലക്‌സാണ്ടർ, ആൻഫ്രാങ്ക്, ലേഡി ഡയാന, മൈക്കിൾ ജാക്സൺ, മഹാത്മാ ഗാന്ധി, ചാർളി ചാപ്ലിൻ, ആഞ്ജലീന ജോളി, ഡേവിഡ് ബെക്കാം എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിര തന്നെ മെഴുക് മ്യൂസിയത്തിൽ കാണാം.
ഓരോ പ്രതിമയ്ക്കൊപ്പവും ആളെ കുറിച്ച് ലഘു വിവരണവും ചേർത്തിട്ടുണ്ട്. പ്രതിമകളോട് ചേർന്ന് നിന്ന് ചാഞ്ഞും ചരിഞ്ഞും പല പോസുകളിൽ ഫോട്ടോകൾ പകർത്താൻ സഞ്ചാരികൾ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. അതിൽ ഏറ്റവും തിരക്കുള്ളത്, പോപ് സിംഗർ മൈക്കിൾ ജാക്സന്‍െറ പ്രതിമയ്ക്കോപ്പം ഫോട്ടോ എടുക്കാൻ ആയിരുന്നു. രാഷ്ട്ര നേതാക്കളുടെ പ്രതിമകൾക്കൊപ്പമുണ്ടായിരുന്ന നമ്മുടെ രാഷ്ട്രപിതാവിന്‍െറ പ്രതിമയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ കാത്തുനിൽക്കുന്ന നീണ്ട നിരയ്ക്കൊടുവിൽ ഞങ്ങളും സ്ഥാനം പിടിച്ചു.
ഇനി അടുത്ത ഹാളിലേക്ക്... അവിടെയാണ് മെഴുക് പ്രതിമകൾ നിർമിക്കുന്ന വിധം വിവരിക്കുന്നത്. പ്രതിമകളുടെ വിവിധ നിർമാണ രീതികൾ ഓരോ ഘട്ടമായി മ്യൂസിയം ജീവനക്കാരൻ സഞ്ചാരികൾക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. വലിയ ആ ഹാളിന്‍െറ ചുമരുകൾ നിറയെ പ്രതിമകൾ നിർമിക്കുന്നതിന്‍െറയും അവരവരുടെ പ്രതിമകൾക്കൊപ്പം നിന്നെടുത്ത പ്രശസ്തരുടെ ചിത്രങ്ങളും കൊണ്ടു കമനീയമായിരുന്നു. ഒറിജിനലേത് ഡ്യൂപ്ലിക്കേറ്റേത് എന്ന് തിരിച്ചറിയാനാവാത്ത വിധം, മെഴുക് പ്രതിമയും, ജീവനുള്ള ആളും തമ്മിലൊരു ഉൾപ്രേക്ഷ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അടുത്തുള്ള ഷോപ്പിൽ നിന്നും മാഡം ട്യൂസാണ്ടസിന്‍െറ പേര് പതിപ്പിച്ച ഒരു പാവക്കുട്ടിയും കീചെയിനും വാങ്ങി വീണ്ടും തിരക്കേറിയ നിരത്തിലേക്ക് ഇറങ്ങി.
ആംസ്റ്റർഡാമിലെ കോഫീ ഷോപ്പുകൾ
ആംസ്റ്റർഡം ടൂറിസത്തിന്‍െറ പ്രധാനപ്പെട്ട ഒരിടമാണ് കോഫീ ഷോപ്പുകൾ. നെതർലാൻഡ്സിലെ പല നഗരങ്ങളിലുമുണ്ടായിരുന്ന കോഫീ ഷോപ്പുകൾക്കും താഴ് വീണെങ്കിലും ആംസ്റ്റർഡാമിലെ കോഫീ ഷോപ്പുകൾ ഇപ്പോഴും സജീവം. കോഫീ ഷോപ്പെന്നാൽ 'കാപ്പിക്കട' എന്നാണ് ധാരണയെങ്കിൽ തെറ്റി. ഇതിനെപ്പറ്റി ധാരണയില്ലാത്തവർ നമ്മുടെ നാട്ടിലെ കാപ്പി കിട്ടുന്ന കട എന്നാണ് ആദ്യം കരുതുക. എന്നാൽ വീര്യം കുറഞ്ഞ സോഫ്റ്റ് ഡ്രഗ്സ് ആണ് ആംസ്റ്റർഡാമിലെ കോഫീഷോപ്പുകളിൽ കച്ചവടം ചെയുന്നത്. എന്തായാലും അടുത്തുകണ്ട ഷോപ്പിൽ ഞങ്ങളൊന്നു കയറി.
18 വയസിന് താഴേയുള്ളവർക്ക് അവിടുത്തെ മരുന്നുകൾ നൽകില്ല എന്ന് പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. പൊതുജനങ്ങൾക്ക് ഉപദ്രവം ഇല്ലാതെ സ്കൂളുകളിൽ നിന്നും നിശ്ചിത അകലത്തിൽ ചെറിയ അളവ് മരുന്ന് കച്ചവടം ചെയ്യാൻ മാത്രമാണ് ഇവിടുത്തെ ഭരണകൂടം അനുവദിച്ചിരിക്കുന്നത്. ഷോപ്പ് ഉടമയോട് അവിടുത്തെ സോഫ്റ്റ് മരുന്നിന്‍െറ പേരൊക്കെ തിരക്കിനിൽമ്പോഴേക്കും കോഫീഷോപ്പിൽ തിരക്കേറി വന്നു. വിവരങ്ങൾ ഒക്കെ തിരക്കി ഞങ്ങൾ അവിടുന്ന് വേഗം സ്ഥലം കാലിയാക്കി.
ഐ ആംസ്റ്റർഡാം (I AMSTERDAM)
'I AMSTERDAM' എന്ന സ്ലോഗൻ കണ്ടപ്പോൾ തന്നെ ഇവിടുത്തെ ടൂറിസത്തിന്‍െറ പബ്ലിസിറ്റിക്കായാണ് എന്നത് മനസിലാക്കാം. ആംസ്റ്റർഡാം എയർപോർട്ടായ സ്കിപോളിലും ഇത്തരത്തിൽ ഒന്നുണ്ട്. എന്തോ ഒരു അകർഷണം ആ സ്ലോഗന് ഉള്ളതുപോലെ തോന്നി. ചുവപ്പും വെള്ളയും നിറത്തിൽ തീർത്ത സ്ലോഗന് 23.5 മീറ്ററോളം നീളമുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാനപ്പെട്ട ഫോട്ടോ സ്പോട്ട് ആണത്. വലിപ്പമേറിയ ഓരോ അക്ഷരങ്ങൾക്കുള്ളിലും കയറിയിരുന്ന് പല പോസുകളിൽ ചിത്രം പകർത്തുന്ന തിരക്കിലായിരുന്നു സഞ്ചരികളിൽ ഏറെയും.
തൊട്ടടുത്തുള്ള ഐസ് സ്‌കേറ്റിങ് സ്ഥലത്തു കുട്ടികൾ മഞ്ഞിൽ കളിച്ചു തിമിർക്കുന്നതും വീക്ഷിച്ചു ഞങ്ങൾക്കൊപ്പം കുറേ പേർ നല്ലൊരു ചിത്രം പകർത്താൻ തിരക്കൊഴിയാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇവിടെ അടുത്ത് തന്നെയാണ് 'റൈസ് മ്യൂസിയം' സമയം സന്ധ്യയോടടുത്തിരുന്നതിനാൽ മ്യൂസിയത്തിലേക്കുള്ള കാഴ്ച്ച പിറ്റേ ദിവസത്തേക്കാക്കി. ഒപ്പമുണ്ടായിരുന്ന ഒരു ചങ്ങാതിയുടെ വീട്ടിൽ അന്നു രാത്രി വാസമുറപ്പിച്ചു
റൈസ് മ്യൂസിയം
തിരക്കിൽപ്പെടാതെ മ്യൂസിയം കാണാം എന്നുറപ്പിച്ച്, പിറ്റേന്ന് വളരെ നേരത്തെ തന്നെ മ്യൂസിയം കാണാൻ പുറപ്പെട്ടെങ്കിലും തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല. നേതർലാൻഡിലെ ഏറ്റവും അധികം സഞ്ചാരികൾ വന്നുപോകുന്ന പൗരാണിക മ്യൂസിയമണിത്. 'ദ ഹോഗ്' എന്ന സ്ഥലത്ത് നിന്നും ഈ മ്യൂസിയം ആംസ്റ്റർഡാമിലേക്ക് മാറ്റി പണിതീർത്തതാണ്. ഡച്ചു ചരിത്രത്തിന്‍െറയും സംസ്കാരത്തിന്‍െറയും പ്രൗഡി വിളിച്ചോതുന്ന നിരവധി പെയിൻറിങ്ങുകൾ നാലു നിലകളിലായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 8000ത്തിലധികം ചിത്രങ്ങൾ 100 മുറികളിലും ഗ്യാലറികളിലുമായിട്ടാണ് വിന്യസിച്ചിരിക്കുന്നതത്രെ. 16-ാം നൂറ്റാണ്ടിലെ ചിത്രങ്ങളാണ് ഇവിടെ കൂടുതലായും ഉള്ളത്. റെമ്ബ്രസന്റ്, ജോഹൻസ് വേർമീർ, ഫ്രാൻസ് ഹാൾസ്, തുടങ്ങിയ പ്രസിദ്ധരായ ഡച്ചുചിത്രകാരന്മാരുടെ കരുവിരുതിന്‍െറ മഹനീയ ശേഖരം തന്നെയായിരുന്നു മ്യൂസിയം. ഏഷ്യൻ രാജ്യങ്ങളായ ഇൻഡ്യ, ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ മനോഹരമായ ശില്പങ്ങളും മ്യൂസിയത്തിലെ ഏഷ്യൻ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങി കാണാനുള്ളത്രയും ഉണ്ട് മ്യൂസിയം നിറയെ. ഇന്ന് തന്നെ വാൻഗോഗ് മ്യൂസിയവും ഡയമണ്ട് മ്യൂസിയവും കാണാമെന്നുള്ളതിൽ ഞങ്ങൾ വേഗത്തിൽ എല്ലാം കണ്ടു പുറത്തിറങ്ങി.
കഥ പറയുന്ന വാൻഗോഗ് ചിത്രങ്ങൾ
റൈസ് മ്യൂസിയത്തിന് അടുത്തു തന്നെയാണ് വാൻഗോഗ് മ്യൂസിയം, അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ ലോകപ്രസിദ്ധ ചിത്രകാരൻ വിൻസെൻറ് വാൻഗോഗിന്‍െറ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയത്തിൽ എത്തി. അദ്ദേഹത്താൽ സ്വാധിനിക്കപ്പെട്ട സമകാലീനരായ ചിത്രകാരന്മാരുടെ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
അദ്ദേഹം തന്‍െറ വിവിധ കാലഘട്ടത്തിൽ വരച്ച ചിത്രങ്ങൾ ക്രമമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തവും ലളിതവും ആകർഷണീയവുമായിരുന്നു ഓരോ ചിത്രങ്ങളും. പൊട്ടറ്റോ ഈറ്റേഴ്സ്, സൺഫ്ലവേഴ്‌സ്, മീറ്റ് ഫീൽഡ്, എൻഡ് ക്രോസ് തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. വാൻഗോഗ് വരഞ്ഞ കൗതുകമുണർത്തുന്ന ഓരോ ചിത്രങ്ങൾക്കും അദ്ദേഹത്തിന്‍െറ ജീവിതവുമായി ബന്ധപ്പെട്ട ഓരോ കഥകൾ പറയാനുണ്ടെന്ന് തോന്നും. 37-ാം വയസ്സിൽ നിറക്കൂട്ടുകളുടെ ലോകത്തിൽ നിന്നും, ഒപ്പം ജീവിതത്തിൽ നിന്നും സ്വയം പടിയിറങ്ങി പോവുകയായിരുന്നു വാൻഗോഗ്. മരണ ശേഷമാണ് അദ്ദേഹം കൂടുതൽ അറിയപെട്ടത്, ഒരുപക്ഷേ കുറേ കാലങ്ങൾ കൂടി നിറങ്ങളുടെ ലോകത്ത് വാൻഗോഗ് ജീവിച്ചിരുന്നങ്കിൽ എന്ന് അദ്ദേഹത്തിന്‍െറ ചിത്രങ്ങളുടെ മനോഹാരിത ആസ്വദിക്കുന്ന ഏവരും ആഗ്രഹിച്ചു പോകും.
തിളങ്ങുന്ന ഡയമണ്ട് മ്യൂസിയം
വാൻഗോഗ് മ്യൂസിയത്തിൽ നിന്നുമിറങ്ങി തൊട്ടടുത്ത ഡയമണ്ട് മ്യൂസിയത്തിലേക്ക് ഞങ്ങൾ തിരിച്ചു. ഞങ്ങൾ എത്തിയപ്പോഴേക്കും മ്യൂസിയത്തിലെ പ്രദർശന സമയം കഴിയാറായിരുന്നു. മറ്റ് മ്യൂസിയങ്ങളെയപേക്ഷിച്ചു സഞ്ചാരികളുടെ തിരക്ക് നന്നേ കുറവാണ് ഇവിടെ. ഈ മ്യൂസിയം പണി കഴിപ്പിച്ചത് കോസ്റ്റർ ഡയമണ്ട് എന്ന കമ്പനിയാണ്. ഡയമണ്ടിന്‍െറ നിർമാണ രീതികളെയും പ്രത്യേകതകളെയും കുറിച്ച് പൊതു ജനങ്ങൾക്ക് അറിവ് കൊടുക്കനാണ് കമ്പനിയുടെ മുൻകാല ഉടമയായ 'ബെൻ മിയർ' ഈ മ്യൂസിയം സ്ഥാപിച്ചത്.
ഡയമണ്ടിന്‍െറ അടിസ്ഥാന വിവരങ്ങൾ വിവരിക്കുന്ന ഒരു ഹ്രസ്വ ചിത്രമാണ് ഞങ്ങളെ കാണിച്ചു തന്നത്. അതിനുശേഷം പല വിധത്തിലുള്ള ഡയമണ്ട് പ്രദർശിപ്പിച്ച സ്ഥലത്തേക്ക് മ്യൂസിയത്തിലെ വോളണ്ടിയർ ഞങ്ങളെ കൊണ്ടുപോയി. അതി പുരാതനങ്ങളായ വജ്രങ്ങൾ പതിപതിപ്പിച്ച കിരീടങ്ങൾ, ആഭരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്ന ഹാളിലൂടെ കടന്നു പോകുമ്പോൾ നൂറ്റാണ്ടുകൾക്കപ്പുറത്തെവിടെയോ ചെന്നു നിൽക്കുന്ന പോലെ തോന്നി.
ലോക പ്രശസ്തമായ വജ്രങ്ങൾ, വജ്രങ്ങൾ പതിപ്പിച്ച തലയോട്ടികൾ, നൂതന രീതിയിൽ പണികഴിപ്പിച്ച ആഭരണങ്ങൾ തുടങ്ങിയവയാണ് മ്യൂസിയത്തിലെ മറ്റ് ആകർഷണങ്ങൾ. ചെറിയ വിലയുള്ളതും കൂടിയ വിലയിലുള്ളതുമായ വജ്രാഭരണങ്ങൾ സഞ്ചാരികളുടെ ആവശ്യപ്രകാരം തിരഞ്ഞെടുക്കാനുള്ള വിപണനവും മ്യൂസിയത്തിലുണ്ട്. വജ്രങ്ങളെകുറിച്ച് അറിവു ലഭിക്കാൻ ഇതിനെക്കാൾ പറ്റിയ മറ്റൊരിടമില്ല.
ആംസ്റ്റർഡാമിന്‍െറ രാത്രി ജീവിതം
സമയം ഏകദേശം അഞ്ചു മണിയോടടുത്തിരിക്കുന്നു. നഗരത്തെ ഇരുട്ടു പുണർന്നു തുടങ്ങി. നഗരത്തിലെ രാത്രി ജീവിതം കൂടി മനസ്സിലാക്കി മടങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ട്രംസ്റ്റേഷനിൽ നിന്നും ട്രാം പിടിച്ചു ഡാം സ്ക്വയറിൽ ഇറങ്ങി. നഗരത്തിൽ ഒട്ടനവധി ഇന്ത്യൻ റസ്റ്ററൻറുകൾ ഉണ്ട്. ആദ്യം കണ്ട 'കോഹിനൂർ' ഇന്ത്യൻ റസ്റ്ററൻറിൽ കയറി. നല്ല വിശപ്പ്. ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ വരുത്തി വയർ നിറയെ കഴിച്ചു.
രാത്രിയിൽ നഗരം കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. കഫേകളും റസ്റ്ററൻറുകളും പബ്ബുകളും കാസിനോകളുമൊക്കെ വിവിധങ്ങളായ വർണ്ണവിളക്കുകൾ തെളിച്ചു നിൽക്കുന്നു. എല്ലായിടത്തും തിരക്കോട് തിരക്ക്. 'റെഡ്‌ലൈറ്റ് സ്ട്രീറ്റിൽ' ആയിരുന്നു ഏറ്റവും കൂടുതൽ തിരക്ക്.
17-ാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിന്‍െറ സുവർണ കാലഘട്ടത്തിൽ കച്ചവടത്തിനായി നിരവധി വ്യാപാരികൾ പല രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് വന്നിരുന്നു. അവർക്ക് വേണ്ടിയാണത്രേ ചുവന്ന തെരുവുകൾ ഇവിടെ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ആംസ്റ്റർഡാം ടൂറിസത്തിൽ ഇത്തരത്തിലുള്ള തെരുവുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. തൽപര കക്ഷികളെ ആകർഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവിടുള്ളവർ.
തെരുവിൽ തിരക്കേറിവരുന്നതിനാൽ അവിടെ നിന്നും വേഗത്തിൽ നഗരത്തിന്‍െറ മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. ലൈറ്റിങ് ഫെസ്റ്റിവലിന്‍െറ സമയമായിരുന്നതിനാൽ നഗരം പല വർണങ്ങളിലെ വിളക്കുകളാൽ അലങ്കരിക്കപ്പെട്ടിരുന്നു. എല്ലാ വർഷവും ശൈത്യകാലത്താണ് ലൈറ്റിങ് ഫെസ്റ്റിവൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട പരിപാടികൾ ഈ ഫെസ്റ്റിവൽ സമയത്ത് പ്രദർശിപ്പിക്കും. ഏറ്റവും പുതിയതും വൈവിധ്യവുമായ വെളിച്ചത്താൽ തീർത്ത സുന്ദര രൂപങ്ങളിൽ കനാലുകളും തെരുവോരങ്ങളും ചമയമണിഞ്ഞു നിന്നു. കണ്ണ് നിറച്ചെടുക്കാൻ പോന്ന അത്യുഗ്രൻ ഒരു വിരുന്നു തന്നെയായിരുന്നു അവിടെ ഒരുക്കിയിരുന്നത്. കാൽ നടയായി മാത്രമല്ല ബോട്ടുയാത്ര ചെയ്തും ലൈറ്റുകളുടെ വിസ്മയം കാണാൻ സൗകര്യമുണ്ട്.
നഗരം പതിയെപ്പതിയെ തിരക്കിലേക്ക് അമർന്നു തുടങ്ങി. ഡ്രഗ്‌സും പെർഫ്യുമുകളും കലർന്ന ഗന്ധം. തിരക്കേറിയതിനാൽ പരസ്പരം മുട്ടിയുരുമ്മി നീങ്ങുന്ന ജനങ്ങൾ... ഉച്ചത്തിൽ മുഴങ്ങുന്ന പാട്ടുകൾ. ചുറ്റികറങ്ങി സമയം ഏറെ ആയിരിക്കുന്നു. കാഴ്ചകൾ ഇനിയും ബാക്കി. എങ്കിലും ഈ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്തയാത്രയിലേക്ക് കാണാത്ത കാഴ്ചകൾ ബാക്കി വച്ചു ഞങ്ങൾ ആംസ്റ്റർഡാമിനോട് തൽക്കാലം വിടപറഞ്ഞു ട്രാം സ്റ്റേഷനിലേക്ക് നടന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.