പാലക്കാട്: സംസ്ഥാന സർക്കാറിന് വൻ ബാധ്യതയായി പത്ത് പൊതുമേഖല സ്ഥാപനങ്ങൾ. 2022-23ൽ ട്രാവൻകൂർ ടൈറ്റാനിയമടക്കം വ്യവസായ വകുപ്പിന് കീഴിലെ പത്തു പൊതുമേഖല കമ്പനികൾ 20,065 കോടി നഷ്ടം വരുത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം 5,405 കോടിയാണ്.
കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷൻ - 3,609 കോടി, കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപറേഷൻ - 2,671 കോടി, ട്രാകോ കേബിൾ കമ്പനി ലിമിറ്റഡ് - 1,771 കോടി, മലബാർ സിമന്റ്സ് - 1,605 കോടി, ഓട്ടോകാസ്റ്റ് - 1,499 കോടി, കാപ്പക്സ് - 1,186 കോടി, ബാംബു കോർപറേഷൻ - 987 കോടി, ഹാന്റക്സ് - 774 കോടി, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ - 554 കോടി എന്നിവയാണ് ഭീമമായ നഷ്ടം വരുത്തിയ മറ്റ് സ്ഥാപനങ്ങൾ. പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ വ്യവസായ വകുപ്പ് വിപുല പദ്ധതികൾ നടപ്പാക്കുമ്പോഴാണ് നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം ചില സ്ഥാപനങ്ങൾ വൻ ബാധ്യത വരുത്തുന്നത്.
2021-22ൽ 23,105 കോടിയുടെ വിറ്റുവരവും 2,820 കോടി പ്രവർത്തനലാഭവും കൈവരിച്ച ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വിറ്റുവരവിൽ തൊട്ടടുത്ത വർഷമുണ്ടായത് വൻ ഇടിവാണ്. 2022-23ൽ ടൈറ്റാനിയത്തിന് 19,777 കോടിയുടെ വിറ്റുവരവ് മാത്രമാണ് കൈവരിക്കാനായത്. വിറ്റുവരവിലെ കമ്മി 3,328 കോടി.
2021-22ൽ 11,054 കോടി വിറ്റുവരവ് ഉണ്ടായിട്ടും കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷന്റെ പ്രവർത്തനനഷ്ടം 4,306 കോടി ആയിരുന്നു. 2021-22ൽ 292 കോടി നഷ്ടത്തിലായിരുന്ന ടെക്സ്റ്റൈൽ കോർപറേഷന്റെ പ്രവർത്തന നഷ്ടം തൊട്ടുടുത്ത വർഷം 2,671 കോടിയായി ഉയർന്നു. 2,353 കോടിയായിരുന്നു ട്രാക്കോ കേബിളിന്റെ 2021-22 വർഷത്തെ നഷ്ടം.
2021-22ൽ 1,672 കോടിയുടെ പ്രവർത്തന ലാഭം കൈവരിച്ച മലബാർ സിമന്റ്സ് തൊട്ടടുത്ത വർഷം 1,605 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി- വിറ്റുവരവിൽ 3,865 കോടിയുടെ കമ്മി. തുടർച്ചയായി രണ്ട് വർഷം പ്രവർത്തനലാഭം കൈവരിച്ചശേഷമമാണ് മലബാർ സിമന്റ്സ് വൻ നഷ്ടം വരുത്തിയത്. 2021-22ൽ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ നഷ്ടം 1,435 കോടിയും കാപ്പക്സിന്റേത് 1,322 കോടിയും ഹാന്റക്സിന്റേത് 1,345 കോടിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.