പു​തു​താ​യി നി​ർ​മി​ച്ച വി​ല​ങ്ങ് ഗ​വ. യു.​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം

കുട്ടികൾക്ക് വിലങ്ങ്; കിഴക്കമ്പലം വിലങ്ങ് സ്‌കൂളില്‍ ഒറ്റമുറിയില്‍ 107 കുട്ടികള്‍

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് ഗവ. യു.പി സ്‌കൂളിൽ ഒറ്റമുറിയിലിരുന്ന് പഠിക്കുന്നത് 107 കുട്ടികൾ.എൽ.കെ.ജി മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികളാണ് ചെറിയ സ്ക്രീനിന്‍റെ മറയിൽ ഒരുമിച്ചിരുന്ന് വീർപ്പുമുട്ടുന്നത്. അധ്യാപകര്‍ക്ക് ഉച്ചത്തിൽ ക്ലാസെടുക്കാൻപോലും കഴിയില്ല. നാലുവര്‍ഷം മുമ്പ് സ്‌കൂള്‍ പുതുക്കിപ്പണിയാൻ പഴയ കെട്ടിടം പൊളിച്ചതോടെയാണ് ഈ ദുരവസ്ഥ.

പുതിയ കെട്ടിടത്തിന് പഞ്ചായത്തിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല. ഒരു വീടാണ് ഇപ്പോൾ സ്കൂളായി പ്രവർത്തിക്കുന്നത്. റബർ തോട്ടത്തിന് നടുക്കാണിത്.കുട്ടികള്‍ക്ക് കളിക്കാനും സൗകര്യമില്ല. രണ്ട് മൂത്രപ്പുര മാത്രമാണുള്ളത്. അതിനാല്‍ മൂത്രമൊഴിക്കാൻ വരി നില്‍ക്കണം. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ കുട്ടികളിൽ പലരും വെള്ളം കുടിക്കാതെയാണ് സ്‌കൂളില്‍ വരുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.പല കുട്ടികള്‍ക്കും മൂത്രാശയ അസുഖങ്ങളുള്ളതായും ഒരു കുട്ടിക്ക് പനി വന്നാല്‍ മറ്റ് കുട്ടികളെ ബാധിക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു. പരിസരത്ത് മറ്റ് സ്‌കൂളുകള്‍ ഇല്ലാത്തതിനാലാണ് നാട്ടുകാര്‍ക്ക് ഈ സ്‌കൂളിനെത്തന്നെ ആശ്രയിക്കേണ്ടി വരുന്നത്.

പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ പുതിയ കെട്ടിടം പണിതതിനാലും സ്‌കൂളിന്‍റെ അടുക്കള നർമാണം പൂര്‍ത്തിയാകാത്തതിനാലുമാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നല്‍കാത്തതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ ചൊവ്വാഴ്ച എ.ഇ.ഒ ശ്രീകല സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. കുട്ടികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.