തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തീകരണം അനിശ്ചിതാവസ്ഥയിലായിരിക്കെ 12,000 കോടി വായ്പയെടുക്കാൻ ജല അതോറിറ്റി. കരാറുകാരുടെ നിസ്സഹകരണമടക്കം പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യത്തിലാണ് സർക്കാർ ഗാരന്റിയോടെ വൻ തുക കടമെടുക്കുന്നത്. കടക്കെണിയിൽ മുന്നോട്ടുപോവുന്ന ജല അതോറിറ്റിയെ 12,000 കോടിയുടെ വായ്പ കൂടുതൽ ‘വെള്ള’ത്തിലാക്കുമെന്നുറപ്പാണ്.
ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാലാണ് അതോറിറ്റി സ്വന്തം നിലയിൽ കടമെടുക്കുന്നത്. ഉയർന്ന പലിശ നിരക്കിൽ (9.2ശതമാനം) എടുക്കുന്ന വായ്പയുടെ തിരിച്ചടവ് പൂർണമായും ജല അതോറിറ്റി വഹിക്കേണ്ടിവരും. രണ്ടുവർഷം കഴിയുമ്പോൾ ഏകദേശം 185 കോടി രൂപയാണ് പ്രതിമാസം തിരിച്ചടവ് കണക്കാക്കുന്നത്. നൂറു കോടിയോളം രൂപയിൽ താഴെ പ്രതിമാസ വരുമാനമുള്ള ജല അതോറിറ്റി നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പ്ലാൻ ഫണ്ടടക്കം സർക്കാർ നൽകാത്തതിനാൽ ദൈനംദിന ചെലവുകൾക്കപ്പുറം മറ്റൊന്നിനും പണം നീക്കിവെക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെയാണ് 12,000 കോടി രൂപ ഹഡ്കോ, എൽ.ഐ.സി, നബാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു ഏജൻസിയിൽനിന്ന് കടമെടുക്കാനുള്ള തീരുമാനം. കടമെടുപ്പ് വ്യവസ്ഥകൾ തയാറാക്കുന്നതടക്കം പ്രാരംഭനടപടി തുടങ്ങിക്കഴിഞ്ഞു. 20 വർഷത്തെ വായ്പ രണ്ട് വർഷത്തെ മോറട്ടോറിയം സാധ്യമാവുന്നവിധം ലഭ്യമാക്കാനാണ് നീക്കം. ജൽ ജീവൻ മിഷൻ കണക്ഷൻ വഴി ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്ന പണം കടം തിരിച്ചടവിന് ഉപയോഗിക്കാമെന്നും കണക്കുകൂട്ടുന്നു. ഇത്ര ഉയർന്ന തുക കടമെടുക്കാനുള്ള തീരുമാനം ജീവനക്കാരിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
2025 മാർച്ചിൽ കാലാവധി അവസാനിക്കുന്ന ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തീകരിക്കാനുള്ള സമയം 2026 മാർച്ച് വരെ നീട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. 44,714 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയിൽ 10,500 കോടി രൂപമാണ് കേരളം ഇതുവരെ ചെലവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.