തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് 127 സ്‌ക്വാഡുകൾ

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 127 സ്‌ക്വാഡുകൾ രൂപീകരിച്ചുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ ജെറോമിക് ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 42 സ്റ്റാറ്റിക് സർവയലൻസ് ടീം, 42 ഫ്‌ളയിങ് സക്വാഡ്, 15 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്, 14 വീഡിയോ സർവയലൻസ് ടീം ഉൾപ്പെടെ 113 സ്‌ക്വാഡുകൾ ഫീൽഡിൽ പ്രവർത്തിക്കും. ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി 14 വീഡിയോ വ്യൂവിങ് ടീമും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചതായും മാതൃകാ പെരുമാറ്റച്ചട്ടം ജൂൺ ആറ് വരെ തുടരും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ നാല് ആണ്. സൂക്ഷ്മ പരിശോധ ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ വരണാധികാരി കലക്ടറാണ്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.പ്രേംജിയാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ വരണാധികാരി.

തിരുവനന്തപുരം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളിലായി 2,730 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1,500 വോട്ടർമാരാണ് ഒരു പോളിങ് സ്‌റ്റേഷനിൽ ഉൾപ്പെടുന്നത്. 1,500ൽ അധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ ആപിലൂടെ അറിയിക്കാവുന്നതാണ്. നൂറ് മിനിറ്റിനുള്ളിൽ പരാതികൾക്ക് പരിഹാരമുണ്ടാകും. സി-വിജിൽ ആപ് മുഖേന ഏറ്റവും അധികം പരാതികൾ തീർപ്പാക്കിയ ജില്ല തിരുവനന്തപുരമാണെന്നും കലക്ടർ പറഞ്ഞു.

ഓഫീസുകളിലും പരിസരപ്രദേശങ്ങളിലുമുള്ള സംഘടനകളുടെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും നീക്കം ചെയ്യുന്നതിന് നിർദേശം നൽകി. ഗവ.ഗസ്റ്റ് ഹൗസുകളിലും റസ്റ്റ് ഹൗസുകളിലും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും കലക്ടർ പറഞ്ഞു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.പ്രേംജി, സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കലക്ടർ അഖിൽ വി മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സുധീഷ് ആർ., തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വഹീദ്, ഫിനാൻസ് ഓഫീസർ ശ്രീലത. എൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 127 squads to monitor election activities in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.