ന്യൂഡൽഹി: എതിർപ്പു തള്ളി കേരള സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന കെ റെയിൽ സിൽവർ ലൈൻ അർധ അതിവേഗ പാതക്കെതിരെ 19 എം.പിമാർ ഒപ്പിട്ട പരാതി കേന്ദ്രസർക്കാറിന് മുന്നിൽ. ഇതേത്തുടർന്ന് എല്ലാ എം.പിമാരെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച ചർച്ചക്ക് വിളിച്ചു.
സംസ്ഥാന സർക്കാറിെൻറ സമ്മർദമുണ്ടായിട്ടും പല കാരണങ്ങളാൽ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം മടിക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസം. കേരളത്തിലെ 18 എം.പിമാരും നിർദിഷ്ടപാത കടന്നു പോകുന്നുവെന്നു പറയുന്ന മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിൽ നിന്നുള്ള ലോക്സഭാംഗവും ഒപ്പിട്ട കത്താണ് റെയിൽവേ മന്ത്രിക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇതു മുൻനിർത്തി ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചർച്ച.
കേരളത്തിൽ നിന്നുള്ള എം.പിമാരിൽ സി.പി.എമ്മിലെ എ.എം. ആരിഫ്, ഇടതുമുന്നണിയിലേക്ക് മാറിയതിനാൽ കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, എ.കെ. ആൻറണി എന്നിവർ ഒഴികെ എല്ലാവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. പദ്ധതിയെ എതിർക്കുന്നതിനെക്കുറിച്ച് പഠിക്കാനുണ്ടെന്ന വിശദീകരണത്തോടെയാണ് ശശി തരൂർ മാറി നിന്നത്. മറ്റ് അസൗകര്യങ്ങൾ കാരണമാണ് രാഹുലും ആൻറണിയും ഒപ്പുവെക്കാതെ പോയത്.
കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് കത്തുമായി റെയിൽവേ മന്ത്രിയെ കണ്ടത്. കേരളത്തിലെ എം.പിമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു മാത്രമെ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേ അന്തിമ തീരുമാനമെടുക്കൂ എന്ന് കൊടിക്കുന്നിൽ സുരേഷിനെ റെയിൽവേ മന്ത്രി അറിയിച്ചു. ബുധനാഴ്ചത്തെ ചർച്ചയുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി നിർമല സീതാരാമൻ, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ എന്നിവരെയും സമീപിക്കുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
സിൽവർ ലൈൻ കേരളത്തിെൻറ പരിസ്ഥിതിക്കും സാഹചര്യങ്ങൾക്കും പറ്റിയതല്ലെന്നും സംസ്ഥാന സർക്കാറിെൻറ നീക്കം ദുരുദ്ദേശ്യപരമാണെന്നും റെയിൽവേ മന്ത്രിയെ കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
ഇതിനിടെ, കെ റെയിലിെൻറ പദ്ധതി രൂപരേഖ കെട്ടുകഥയും കോപ്പിയടിയുമാണെന്ന് പ്രാഥമിക സാധ്യത പഠനം നടത്തിയ സംഘത്തെ നയിച്ച അലോക് വർമ സ്വകാര്യ ടി.വി ചാനലിനോട് പറഞ്ഞു. പ്രകൃതിക്ഷോഭ സാധ്യതകൾ, ഭൂഘടന തുടങ്ങിയതൊന്നും പഠിച്ചിട്ടില്ല. സ്റ്റേഷനുകളും മറ്റും തീരുമാനിച്ചത് കൃത്രിമമായ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) വെച്ചാണ്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തയാറാക്കിയ ബുള്ളറ്റ് ട്രെയിൻ പദ്ധതി റിപ്പോർട്ടിെൻറ ഏകദേശ രൂപം കോപ്പിയടിക്കുകയാണ് ചെയ്തിരിക്കുന്നത്. പദ്ധതിരേഖ പരസ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.