പൊലീസ് തലപ്പത്തെ അഴിച്ചുപണി: ഋഷിരാജ് സിങ് അവധി അപേക്ഷ നല്‍കി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് കാഡര്‍ തസ്തിക അട്ടിമറിച്ച് നടത്തിയ നിയമനത്തില്‍ പ്രതിഷേധിച്ച് ഡി.ജി.പി ഋഷിരാജ് സിങ് അവധി അപേക്ഷ നല്‍കി. സിങ്ങിനെ ജയില്‍ ഡി.ജി.പി ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി രണ്ടാംദിവസവും അദ്ദേഹം ചുമതലയേല്‍ക്കാനത്തെിയില്ല. ചീഫ് സെക്രട്ടറി ജിജി തോംസണെ ഫോണില്‍ ബന്ധപ്പെട്ട സിങ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടശേഷം ഒരാഴ്ചത്തേക്ക് അവധിയപേക്ഷ നല്‍കുകയായിരുന്നു. അതേസമയം, ഫയര്‍ഫോഴ്സ് മേധാവി സ്ഥാനം ഡി.ജി.പി കാഡര്‍ തസ്തികയാക്കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി ഉത്തരവിറക്കി. ഈ സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ തിങ്കളാഴ്ച ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേല്‍ക്കും.
നേരത്തേ, ഫയര്‍ഫോഴ്സ് മേധാവി സ്ഥാനം എ.ഡി.ജി.പി പോസ്റ്റായിരുന്നു. തന്നെ എ.ഡി.ജി.പി പോസ്റ്റില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് ബെഹ്റ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തിരുത്തലിന് തയാറായത്.
എന്നാല്‍, ജയില്‍ മേധാവിയായി നിയമിതനായ ഋഷിരാജിന് എ.ഡി.ജി.പി സ്കെയിലിലെ ശമ്പളമേ ലഭിക്കൂ. ഡി.ജി.പി പോസ്റ്റായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുമ്പോള്‍ തന്നെ എന്തിനാണ് എ.ഡി.ജി.പി സ്കെയില്‍ ശമ്പളം ലഭിക്കുന്നിടത്ത് നിയമിക്കുന്നതെന്നും സിങ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. അനുകൂലമായാലും പ്രതികൂലമായാലും തന്‍െറ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. അത് ലഭ്യമാകുംവരെ അവധിയില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും സിങ് ‘മാധ്യമ’ത്തോട് പറഞ്ഞു. തന്നെ എ.ഡി.ജി.പിയായി തരംതാഴ്ത്തിയാലും കുഴപ്പമില്ളെന്ന നിലപാടിലാണ് സിങ്. ഇക്കാര്യം അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും സൂചനയുണ്ട്.
ഡി.ജി.പി ഡോ. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരെ വിജിലന്‍സ് ഡയറക്ടറാക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇവരെ ഒഴിവാക്കാനാണ് എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് തലപ്പത്ത് കൊണ്ടുവന്നത്.
ബാര്‍ കോഴക്കേസില്‍ മാണിക്ക് അനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതെന്ന് ആക്ഷേപമുണ്ട്. അതേസമയം, മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ തിങ്കളാഴ്ച പൊലീസ് അസോസിയേഷന്‍ യോഗം ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.