സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കും -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ പരിഷ്‌കരണം നടപ്പിലാക്കുകയുള്ളു. ഈ മാസം ലഭിക്കുന്ന ശമ്പള പരിഷ്കരണ കമീഷന്‍റെ അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി പരിഗണിക്കും. റിപ്പോർട്ടിൽ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.കെ ബാലന്‍ ആരോപിച്ചു. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് പുറത്തു വന്ന് അഞ്ചു മാസം കഴിഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ശമ്പളമല്ല, ഭരണം പരിഷ്‌കരിക്കുന്ന ശിപാര്‍ശകളാണ് കമീഷന്‍ നല്‍കുന്നത്. നേരത്തെ, പാതയോരത്തെ പൊതുയോഗങ്ങള്‍ തടഞ്ഞ ജഡ്ജിയാണ് കമീഷന്‍. അദ്ദേഹം ശ്രമിക്കുന്നത് ജീവനക്കാരെ വെല്ലുവിളിക്കാനാണ്. പരിഷ്‌കരണം രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കുന്നത് ശരിയല്ല. രണ്ടാംഘട്ടത്തെ ജീവനക്കാര്‍ ഭയക്കുകയാണ്. ഉമ്മന്‍ചാണ്ടി നേരത്തെ യു.ഡി.എഫ് കണ്‍വീനറും ധനമന്ത്രിയുമായിരുന്ന കാലത്ത് ശമ്പള പരിഷ്‌കരണം അട്ടിമറിച്ചിട്ടുണ്ടെന്നും  ഇപ്പോഴത്തെ ശമ്പള പരിഷ്‌കരണവും അട്ടിമറിക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എ.കെ ബാലന്‍ ആരോപിച്ചു.

എന്നാല്‍, എ.കെ ബാലന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 1991ല്‍ താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ശമ്പള പരിഷ്‌കരണത്തിന് അഞ്ച് വര്‍ഷം എന്ന നയം മാറ്റിവെച്ച് പരിഷ്‌കരണം നടപ്പിലാക്കിയതെന്ന് ഉമ്മൻചാണ്ടി ഒാർമപ്പെടുത്തി. ഇടതു സര്‍ക്കാര്‍ ഫെബ്രുവരി 26നാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.