ഉമ്മൻചാണ്ടിയെ പരോക്ഷമായി വിമർശിച്ച് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പരോക്ഷ വിമർശവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്. കെ. കരുണാകരൻ ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയിൽ കണ്ട് തുല്യനീതി ഉറപ്പുവരുത്തിയെന്ന് ചെന്നിത്തല പറഞ്ഞു. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിർത്തേണ്ടിടത്ത് നിർത്തി കരുണാകരൻ ഭരിച്ചു എന്നും കെ. കരുണാകരൻെറ അഞ്ചാം ചരമവാർഷിക ദിനത്തിൽ ചെന്നിത്തലയിട്ട പോസ്റ്റിൽ പറയുന്നു. എ.കെ ആൻറണിയുടെ കൂടെ യു.എസിലാണിപ്പോൾ രമേശ് ചെന്നിത്തല.

പോസ്റ്റിൻെറ പൂർണരൂപം

ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിൻെറ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിൻെറ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധമല്ല, മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിൻെറ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.