ആലപ്പുഴ: കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽനിന്ന് ശിവഗിരിയിലേക്ക് പുറപ്പെട്ട ദിവ്യജ്യോതി പ്രയാണ രഥത്തിനുനേരെ ആക്രമണം. കല്ലേറിൽ ദിവ്യജ്യോതിക്ക് ചുറ്റുമുള്ള ചില്ലുകൂട് തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് കളർകോട് കോമവെളിയിൽ ശൈലേഷ്കുമാറിനെ (40) സൗത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മാനസികരോഗിയാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ ദേശീയപാതയിൽ വലിയചുടുകാട് ജങ്ഷന് സമീപമായിരുന്നു സംഭവം. കല്ലെറിഞ്ഞ യുവാവിനെ പരിസരത്തുണ്ടായിരുന്നവർ ഉടൻ പിടികൂടി. ഇതിനിടെ ഇയാൾ ഒരാളുടെ കൈയിൽ കടിച്ച് മുറിവേൽപിച്ചു. പിന്നീട് സൗത് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗുരുധർമ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ 26നാണ് ദിവ്യജ്യോതി പ്രയാണ രഥം കോഴിക്കോടുനിന്ന് പുറപ്പെട്ടത്. ഞായറാഴ്ച ആലുവ അദ്വൈതാശ്രമത്തിൽ വിശ്രമിച്ചശേഷം തിങ്കളാഴ്ച ആലപ്പുഴയിലൂടെ കടന്നുപോകുന്നതിനിടെയാണ് ആക്രമണം.
സംഭവത്തെ തുടർന്ന് ഒന്നരമണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. ജ്യോതി അണയാതിരിക്കാൻ പുതിയ ചില്ലുകൂട് സ്ഥാപിച്ചശേഷമാണ് യാത്ര തുടർന്നത്. ആക്രമണത്തിെൻറ സാഹചര്യത്തിൽ രഥയാത്രക്ക് ജില്ലയിലുടനീളം പിന്നീട് പൊലീസ് സംരക്ഷണം നൽകി. രാത്രിയിൽ തൃക്കുന്നപ്പുഴ എരിക്കാവ് ഗുരുമന്ദിരത്തിൽ സമാപിച്ച രഥയാത്ര ഇന്ന് ഇവിടെനിന്ന് യാത്ര തുടരും. ബുധനാഴ്ച ശിവഗിരിയിൽ എത്തി ജ്യോതി തീർഥാടന സമ്മേളനവേദിയിൽ സ്ഥാപിക്കും.
ആക്രമിച്ച യുവാവ് മാനസികരോഗിയാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് രഥയാത്രക്ക് നേതൃത്വം നൽകുന്ന ഗുരുധർമ പ്രചാരണസഭ കേന്ദ്ര കമ്മിറ്റി അംഗം പി. മുകുന്ദൻ ആവശ്യപ്പെട്ടു. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.