ബാബുവിന്‍െറ സഹോദരങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കും –മുഖ്യമന്ത്രി


കല്‍പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ആദിവാസി യുവാവ് ബാബുവിന്‍െറ (28) സഹോദരങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് ബാബുവിന്‍െറ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പന്തിപ്പൊയില്‍ പത്തരക്കുന്ന് അംബേദ്കര്‍ കോളനിയില്‍ ബാബുവിന്‍െറ വീട്ടിലത്തെിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സര്‍ക്കാറിന്‍െറ ധനസഹായമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക് കൈമാറുകയും ചെയ്തു. കൂലിപ്പണിക്കാരായ വാസുവിന്‍െറയും അനിതയുടെയും മകനായ ബാബു നിര്‍ധന കുടുംബത്തിന്‍െറ താങ്ങായിരുന്നു.
മണ്ണുമാന്തി യന്ത്രത്തിന്‍െറ സഹായിയായി ജോലിചെയ്യുകയായിരുന്ന ബാബുവിന് നാല് സഹോദരങ്ങളാണ്. എസ്.എസ്.എല്‍.സി വരെ പഠിച്ച അനുജന്‍ അനില്‍ ഹോളോബ്രിക്സ് നിര്‍മാണത്തൊഴിലാളിയാണ്. അനുജത്തിമാരായ ബബിത കല്‍പറ്റയില്‍ ട്രാവല്‍ കണ്‍സള്‍ട്ടന്‍റ് കോഴ്സിനും സരിത എടത്തന ജി.ടി.എച്ച്.എസില്‍ 10ാം ക്ളാസിലും അജിത പൂക്കോട് ജി.എം.ആര്‍.എസില്‍ എട്ടിലും പഠിക്കുന്നു.
ബാണാസുര ഡാമില്‍ മുങ്ങിമരിച്ച കാവുംമന്ദം അങ്ങാടിയിലെ പത്തായക്കോടന്‍ റഊഫിന്‍െറ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ധനസഹായമായി രണ്ടുലക്ഷം രൂപയുടെ ചെക് കൈമാറി. കാവുംമന്ദം അങ്ങാടിയിലെ വ്യാപാരി പത്തായക്കോടന്‍ മമ്മൂട്ടിയുടെയും നബീസയുടെയും മകനായ റഊഫ് കോതമംഗലം എം.എ കോളജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് നേടി വിദേശത്ത് പോവാനുള്ള തയാറെടുപ്പിലായിരുന്നു. ഇര്‍ഷാദ് (എന്‍ജിനീയര്‍ ടി.സി.എസ്), ജസീല (ദുബൈ) എന്നിവര്‍ സഹോദരങ്ങളാണ്.
എം.ഐ. ഷാനവാസ് എം.പി, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. മിനി, കെ.ബി. നസീമ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.