കൊച്ചി: സിനിമാ മേഖലയില്‍ ദിവസക്കൂലിക്കാരായ പിന്നണി തൊഴിലാളികളുടെ വേതന വര്‍ധന സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ‘ഫെഫ്ക’ ഏകപക്ഷീയമായി നടപ്പാക്കിയെന്ന് ആരോപിച്ച് സിനിമാ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. 33 ശതമാനം വര്‍ധനയാണ് ‘ഫെഫ്ക’ നടപ്പില്‍ വരുത്തിയത്. ഈ തുക 10 നിര്‍മാതാക്കളില്‍നിന്ന് പിടിച്ചുവാങ്ങിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
 ബലം പ്രയോഗിച്ച് വാങ്ങിയ അധിക തുക തിരിച്ചുകൊടുക്കാതെ ഫെഫ്കയുമായി ചര്‍ച്ച വേണ്ടെന്നാണ് ജനറല്‍ ബോഡി തീരുമാനം.
‘ഫെഫ്ക’യുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തി. എന്നാല്‍, അവര്‍ വേതന വര്‍ധന ഏകപക്ഷീയമായി നടപ്പാക്കി. ‘ഫെഫ്ക’ തീരുമാനം മാറ്റിയില്ളെങ്കില്‍ ജനുവരി ഒന്നുമുതല്‍ പഴയ നിരക്കില്‍ ജോലിചെയ്യാന്‍ തയാറുള്ളവരെവെച്ച് നിര്‍മാണം തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ ജി. സുരേഷ്കുമാര്‍, എം. രഞ്ജിത്ത്, കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി) എന്നിവര്‍ പറഞ്ഞു.
ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫിലിം ചേംബര്‍, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ സിയാദ് കോക്കര്‍, ലിബര്‍ട്ടി ബഷീര്‍, വിജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍െറ തീരുമാനത്തെ പിന്താങ്ങുന്നുവെന്ന് അവര്‍ അറിയിച്ചു.
അതേസമയം, വേതന വര്‍ധന ഏകപക്ഷീയമായി നടപ്പാക്കിയെന്നും ഇത് നിര്‍മാതാക്കളില്‍നിന്ന് പിടിച്ചുവാങ്ങിയതല്ളെന്നും ‘ഫെഫ്ക’ ഭാരവാഹികള്‍ പറഞ്ഞു.
നിര്‍മാതാക്കളുമായി ഉണ്ടാക്കിയ കരാറിന്‍െറ കാലാവധി സെപ്റ്റംബറില്‍ അവസാനിച്ചെന്നും പലവട്ടം ശ്രമിച്ചിട്ടും ഫലിക്കാതെ വന്നപ്പോള്‍ വ്യക്തിപരമായി നേരിട്ട് സംസാരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നിര്‍മാതാക്കള്‍ വര്‍ധന സ്വമേധയാ നടപ്പാക്കിയതാണെന്നും ഭാരവാഹികളായ സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, ഡയറക്ടേഴ്സ് യൂനിയന്‍ ഭാരവാഹി കമല്‍ എന്നിവര്‍ വ്യക്തമാക്കി.
ഉപാധികളില്ലാതെയുള്ള ചര്‍ച്ചക്ക് തയാറാണെന്ന് അവര്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.