വിജിലന്‍സ് വരുത്തിവെച്ച വിന

കൊച്ചി: മന്ത്രി മാണിക്ക് വിനയായത് അന്വേഷണം നടത്തുന്ന വിജിലന്‍സ് തന്നെ തുടരന്വേഷണത്തിന് തടസ്സം നിന്ന അസാധാരണ നടപടി. അധികാരപരിധിയില്‍ വരാത്ത കാര്യത്തില്‍ അനാവശ്യമായി ഇടപെട്ട് അനുകൂല ഉത്തരവ് നേടാനുള്ള വിജിലന്‍സിന്‍െറ ശ്രമമാണ് മാണിയുടെ രാജിയിലത്തെിച്ച കോടതി വിധിക്ക് ഹേതുവായത്.
വിജിലന്‍സിനും ഡയറക്ടര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ കോടതിയെ സമീപിച്ച വിജിലന്‍സ് വകുപ്പ് എന്തിന് തുടരന്വേഷണത്തെ തടയിടുന്നുവെന്നതാണ് കോടതിയും പരിശോധിച്ചത്. തുടരന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്യേണ്ടിയിരുന്നത് സര്‍ക്കാറാണെങ്കിലും അതിന് മുതിരാതെ വിജിലന്‍സ് വകുപ്പിനെ കൊണ്ടുതന്നെ ഹൈകോടതിയില്‍ ഹരജി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തുടരന്വേഷണത്തെ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത്.
എന്നാല്‍, വിജിലന്‍സിനെക്കൊണ്ട് ഹരജി നല്‍കിയ ശേഷം സര്‍ക്കാര്‍ നടത്തിയ ഓരോ നീക്കവും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന തലത്തിലേക്കത്തെുകയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ പരിധി വിട്ടു, അന്വേഷണ ഉദ്യോഗസ്ഥന്‍െറ സ്വാതന്ത്ര്യത്തില്‍ ഇടപെട്ടു തുടങ്ങിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുന്നത് സ്വാഭാവികമാണ്. വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് നടത്തുന്ന എല്ലാ അന്വേഷണങ്ങളെയും സ്തംഭിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുമെന്നായിരുന്നു വാദം. അതിനാല്‍, കോടതി പരാമര്‍ശങ്ങള്‍ നീക്കിയേ പറ്റൂ എന്ന നിലപാടാണ് സര്‍ക്കാര്‍ വിജിലന്‍സിനുമേല്‍ അടിച്ചേല്‍പിച്ചത്. അതേസമയം, വിജിലന്‍സിനും ഡയറക്ടര്‍ക്കുമെതിരായ പരാമര്‍ശം നീക്കം ചെയ്യണമെന്നതിനൊപ്പം തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും വിജിലന്‍സ് ഹരജിയിലൂടെ ഉന്നയിക്കുകയായിരുന്നു.
വിജിലന്‍സിനുവേണ്ടി സര്‍ക്കാറിന്‍െറ പ്രധാന നിയമോപദേഷ്ടാവായ അഡ്വക്കറ്റ് ജനറല്‍ തന്നെ വാദിക്കാനത്തെിയതിലെ അപാകത ആദ്യദിവസംതന്നെ എതിര്‍കക്ഷികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിജിലന്‍സാണ് ഹരജി നല്‍കിയതെങ്കില്‍ സര്‍ക്കാറിനെ കൂടി ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്ന വാദവും അവരുന്നയിച്ചു. ഈ ആരോപണം തിരിച്ചടിയായതോടെ പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബലിനെ വിജിലന്‍സിനുവേണ്ടി സര്‍ക്കാര്‍ രംഗത്തിറക്കി.
താന്‍ കേസില്‍ വാദം നടത്തിയിട്ടില്ളെന്ന് കോടതിയെക്കൊണ്ട് സ്ഥാപിച്ചെടുക്കാന്‍ എ.ജി ശ്രമം നടത്തിയെങ്കിലും ഫലപ്രദമായില്ല. വിധി പ്രസ്താവത്തിനിടെ ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതായി ബോധ്യപ്പെട്ടിട്ടും വിജിലന്‍സിന് വേണ്ടി ഹാജരായ കപില്‍ സിബലും എ.ജിയും വാദം നിര്‍ത്താന്‍ തയാറായില്ല. തെളിവ് സംബന്ധിച്ച വിജിലന്‍സ് കോടതി കണ്ടത്തെലുകള്‍ ശരിയല്ളെന്നും തുടരന്വേഷണത്തിന് ഉത്തരവിട്ട നടപടി ശരിയല്ളെന്നുമായി പിന്നീട് വാദം. തുടരന്വേഷണത്തെ നിങ്ങളെന്തിന് ഭയപ്പെടുന്നുവെന്ന കോടതിയുടെ ചോദ്യം വിജിലന്‍സിന് നേര്‍ക്കുണ്ടായതും ഈ ഘട്ടത്തിലാണ്.
മാണി മന്ത്രിയായി തുടര്‍ന്നുകൊണ്ട് വിജിലന്‍സ് അദ്ദേഹത്തിനെതിരെ നടത്തുന്ന അന്വേഷണം സത്യസന്ധമാകില്ളെന്ന് ജനം കരുതുന്നത് സ്വാഭാവികം, സീസറിന്‍െറ ഭാര്യ സംശയത്തിന് അതീതയായിരിക്കണം, ചോദ്യങ്ങള്‍ ആരോപണ വിധേയന് തന്നെ വിടുന്നു തുടങ്ങിയ ശക്തമായ പ്രയോഗങ്ങള്‍ കോടതിയില്‍ നിന്നുണ്ടായത് അന്വേഷണ ഏജന്‍സിയായ വിജിലന്‍സ് തന്നെ തുടരന്വേഷണത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടെടുത്തതോടെയാണ്. സര്‍ക്കാറിനെ രക്ഷിക്കാന്‍ വിജിലന്‍സ് നല്‍കിയ ഹരജി ഫലത്തില്‍ മന്ത്രിക്കെതിരായ പരാമര്‍ശത്തിലൂടെ സര്‍ക്കാറിനെ തിരിഞ്ഞുകൊത്തുകയാണ് ചെയ്തത്. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെങ്കില്‍ ഇനി സമീപിക്കേണ്ടത് സുപ്രീം കോടതിയെയാണ്.
 ക്രിമിനല്‍ ഒ.പി ആയാണ് വിജിലന്‍സ് ഹരജി ഫയല്‍ ചെയ്തിരുന്നത്. ഇത്തരം ഹരജികള്‍ ഒരിക്കല്‍ പരിഗണിച്ച് തീര്‍പ്പാക്കിയാല്‍ പിന്നീട് ഹൈകോടതിയില്‍ തന്നെ അപ്പീല്‍ സാധ്യമാകില്ല.
മാത്രമല്ല, വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരമാര്‍ശങ്ങളില്‍ പലതും ഹൈകോടതി പിന്‍വലിച്ച സാഹചര്യത്തില്‍ സുപ്രീം  കോടതിയില്‍ പ്രധാനമായും ചോദ്യം ചെയ്യേണ്ടിവരുക തുടരന്വേഷണ ഉത്തരവ് തന്നെയാകും. തുടരന്വേഷണ ഉത്തരവ് ചോദ്യംചെയ്ത് എന്തിന് വിജിലന്‍സ് സുപ്രീം  കോടതിയെ സമീപിക്കണമെന്ന ചോദ്യം പുതിയ വിവാദത്തിനിടയാക്കും. ഹൈകോടതിയിലെ ഹരജിയില്‍ കക്ഷിയല്ലാത്തതിനാല്‍ സര്‍ക്കാറിന് നേരിട്ട് അപ്പീല്‍ നല്‍കാനാകില്ളെന്നതും സര്‍ക്കാറിന് കുഴക്കുന്ന പ്രശ്നമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.