അലീഗഢ് മലപ്പുറം കേന്ദ്രത്തിലെ വിദ്യാര്‍ഥിസമരം തുടരുന്നു

പെരിന്തല്‍മണ്ണ: അലീഗഢ് മലപ്പുറം കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം ശനിയാഴ്ചയും തുടര്‍ന്നു. ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാമ്പസിലെ ആംബുലന്‍സ് വിട്ടുനല്‍കിയില്ളെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ഉപരോധ സമരം തുടങ്ങിയത്. സര്‍വകലാശാല ഉന്നത അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് ഉറപ്പുനല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. വിഷയത്തില്‍ കേന്ദ്രം ഡയറക്ടറുമായി പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാവിലെ സമരം തുടങ്ങിയ വിദ്യാര്‍ഥികള്‍ ഡയറക്ടറുടെയും അസി. ഡയറക്ടറുടെയും കോലം കത്തിച്ചു.
ആംബുലന്‍സ് വിഷയത്തിന് പുറമെ കാമ്പസില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങള്‍ക്കുകൂടി പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സമരം തുടരുന്നത്. സ്ഥിരം കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കഴിഞ്ഞതല്ലാതെ മറ്റു നടപടികളുണ്ടായില്ളെന്നും തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഡയറക്ടര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
എല്‍.എല്‍.ബി ആദ്യബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം തുടങ്ങാന്‍ സാധിക്കാത്തതും ഹോസ്റ്റലുകളില്‍ അസമയങ്ങളില്‍ അധികൃതരുടെ പരിശോധനയും ഇവര്‍ ഉന്നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളില്‍കൂടി പരിഹാരം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ളെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിരാഹാര സത്യഗ്രഹം ഉള്‍പ്പെടെ സമരങ്ങള്‍ തുടങ്ങുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.