ഓണ്‍ലൈന്‍ പെണ്‍വാണിഭത്തോടൊപ്പം മനുഷ്യക്കടത്തും

തിരുവനന്തപുരം:  ഓണ്‍ലൈന്‍ പെണ്‍വാണിഭത്തോടൊപ്പം മനുഷ്യക്കടത്തും നടന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതികളുടെ മുംബൈ ബന്ധവും സാമ്പത്തിക സ്രോതസ്സും വിശദമായ അന്വേഷിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കി.

12 പ്രതികളെയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണി ജോഷി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പെണ്‍വാണിഭ സംഘത്തില്‍ പിടിയിലായവര്‍ക്ക് അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് മുംബൈയില്‍നിന്ന് ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമെന്ന് കണ്ടാല്‍ മുംബൈയില്‍ കൊണ്ടുപോയി തെളിവെടുക്കേണ്ടി വരുമെന്ന് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ എ. സന്തോഷ് കുമാര്‍ കോടതിയെ അറിയിച്ചു. പെണ്‍വാണിഭത്തോടൊപ്പം മനുഷ്യക്കടത്ത് നടന്നതായും അന്തര്‍സംസ്ഥാന റാക്കറ്റുകളുടെ പങ്കിനെ പറ്റി വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. പൊലീസിന്‍െറ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെടെ ആറു പ്രതികളെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക് പേജ് വഴി പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച ആറുപ്രതികളെ  ഈ മാസം 26 വരെയും കസ്റ്റഡിയില്‍ വിട്ടു. പെണ്‍വാണിഭ റാക്കറ്റിന്‍െറ വലയിലകപ്പെട്ട് കൊച്ചിയിലത്തെിയ പതിനേഴും പത്തൊന്‍പതും വയസ്സുളള സഹോദരികളെ വിട്ടുകിട്ടണമെന്ന രക്ഷാകര്‍ത്താക്കളുടെ അപേക്ഷയില്‍ ഈ മാസം 30ന് ജഡ്ജി വി. ഷിര്‍സി ഉത്തരവ് പറയും.

മാതാപിതാക്കളുടെ അറിവോടെയല്ല പെണ്‍കുട്ടികള്‍ വിമാന മാര്‍ഗം എറണാകുളത്ത് എത്തിയതെന്നത് വിശ്വസനീയമല്ളെന്ന് കോടതി നിരീക്ഷിച്ചു. മറ്റു പ്രതികളെ കസ്റ്റഡിയില്‍ തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷാകര്‍ത്താക്കളുടെ അപേക്ഷയില്‍ ഉത്തരവ് പറയുന്നതായിരിക്കും ഉചിതമെന്നും കോടതി നിരീക്ഷിച്ചു.  അതേസമയം, തന്നെ മന:പൂര്‍വം കേസില്‍ പ്രതിയാക്കിയാണെന്ന് രാഹുല്‍ പശുപാലന്‍ ആരോപിച്ചു. ഭരണത്തിലിരിക്കുന്നവരാണ് ഇതിനു പിറകിലെന്നും ഒരു രാത്രിയും പകലുംകൊണ്ട് ലോകം അവസാനിക്കില്ളെന്നും രാഹുല്‍ പശുപാലന്‍ കോടതിയിലേക്ക് കൊണ്ടു പോകവേ മാധ്യമ പ്രവര്‍ത്തകരോട്  പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഒന്നാം പ്രതി അക്ബര്‍ പറഞ്ഞു.

രണ്ടു ദിവസമായി   പ്രത്യേക അന്വേഷണ സംഘത്തിന്‍െറ പിടിയില്‍പ്പെടാതെ മുങ്ങി നടന്ന ജോഷി ചൊവ്വാഴ്ച രാവിലെ കീഴടങ്ങാനുളള ശ്രമത്തിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ജോഷിയുടെ സഹായി അനൂപും പിടിയിലായിട്ടുണ്ട്. സംഘത്തിലുള്ളവരെ ഒരുമിച്ച് ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ  കണക്കുകൂട്ടല്‍.   

അന്വേഷണസംഘം ബംഗളൂരുവിലേക്ക്
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ആറംഗ സംഘത്തെ ബംഗളൂരുവില്‍ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇവിടെനിന്ന് എത്തിച്ചിട്ടുണ്ടെന്ന് ബോധ്യമായതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകാന്‍ ആലോചിക്കുന്നത്.
പ്രതികളെ കസ്റ്റഡിയില്‍ ലഭ്യമായ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍നിന്ന് പുതിയ വിവരങ്ങള്‍ ലഭ്യമാവുകയാണെങ്കില്‍ അതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അന്വേഷണസംഘം പറയുന്നു. അതേസമയം, പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ചില സിനിമ, സീരിയല്‍ താരങ്ങളുടെ പങ്ക് കൂടുതല്‍ വെളിവായതായും സൂചനയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.