വെള്ളാപ്പള്ളിയുടേത് ചാതുര്‍വര്‍ണ്യ സംരക്ഷണ ജാഥ -വി.എസ്

തിരുവനന്തപുരം: സമത്വമുന്നേറ്റം പറയുന്ന വെള്ളാപ്പള്ളി നടേശന്‍െറ ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ കണ്ടത് കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യത്തിന്‍്റെ തിരതള്ളലാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളാപ്പള്ളിക്ക് ജാഥയുടെ കൊടി കൈമാറിയാല്‍ കടുത്ത യാഥാസ്ഥിതികനും ആര്‍.എസ്.എസിന്‍്റെ പ്രിയങ്കരനുമായ ഉദ്ഘാടകന്‍ പേജാവര്‍ മഠാധിപതിക്ക് അശുദ്ധിയുണ്ടാകും. അതുകൊണ്ടാണ് ഈഴവനായ വെള്ളാപ്പള്ളിക്ക് കൊടി കൈമാറാന്‍ മഠാധിപതി വിസമ്മതിച്ചതും, വിളക്ക് തെളിക്കുക മാത്രം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചതും. കൊടി കൈമാറുമ്പോള്‍ അബദ്ധത്തിലെങ്ങാനും വെള്ളാപ്പള്ളിയുടെ കൈയ്യില്‍ തൊട്ടാല്‍ മഠാധിപതിക്ക് കുളിക്കേണ്ടിവരും. അതുകൊണ്ടാണ് കൊടി കൈമാറാതിരുന്നത്. കേരളം പൊരുതി പരാജയപ്പെടുത്തിയ അയിത്തവും തൊട്ടുകൂടായ്മയും തിരിച്ചുകൊണ്ടുവരുന്ന നടപടിയാണിത്. വെള്ളാപ്പള്ളിക്ക് ഇതേപ്പറ്റി എന്താണ് പറയാനുള്ളതെന്ന് വി.എസ് ചോദിച്ചു.

പേജാവര്‍ മഠാധിപതിയുടെ കീഴിലുള്ള ഉടുപ്പി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ ഭക്ഷിക്കുന്ന ഇലയില്‍ അവര്‍ണരെ ഉരുട്ടുന്ന കെട്ട ആചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിന്‍െറ വക്താവായ മഠാധിപതിയെ കൊണ്ടുവന്ന് ജാഥയുടെ ഉദ്ഘാടനവേദിയിലും അയിത്തത്തിന്‍െറയും അനാചാരത്തിന്‍െറയും പ്രകടനം നടത്തുകയാണ് ചെയ്തത്. മൂന്നു മിനിട്ടു മാത്രമാണ് ഈ സവര്‍ണ മഠാധിപതി വേദിയിലുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്.

കോഴപ്പണംകൊണ്ട് സവര്‍ണനായി അഭിനയിക്കുന്ന വെള്ളാപ്പള്ളി ഒരു കോടി വിലയുള്ള "കാരവനി'ല്‍ ഭാര്യാസമേതനായി ആഘോഷപൂര്‍വം ജാഥ നയിക്കുമ്പോള്‍ അക്കീരമണ്‍ ഭട്ടതിരിപ്പാടും ഐ.എസ്.ആര്‍.ഒ മാധവന്‍ നായരും അടക്കമുള്ള ജാഥാംഗങ്ങളോട് തന്‍െറ കുടിയാന്മാരെപ്പോലെയാണ് വെള്ളാപ്പള്ളി പെരുമാറുന്നത്. അതുകൊണ്ടാണ് അവരെ തനിക്കൊപ്പം കാറില്‍ സഞ്ചരിക്കാന്‍ പോലും വെള്ളാപ്പള്ളി അനുവദിക്കാത്തത്.  ഈവക നടപടികളിലൂടെ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര "ചാതുര്‍വര്‍ണ്യ സംരക്ഷണ ജാഥ'യായി മാറിയിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.

എന്തും ഏറ്റെടുക്കാവുന്ന നിലയിലാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്നും ആന ഗര്‍ഭം ധരിച്ചാല്‍ അതിന് ഉത്തരവാദി ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയുമെന്നും വി.എസ് നേരത്തേ പറഞ്ഞിരുന്നു. ഗൗരിക്കുട്ടി എന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതും ഞമ്മളാണെന്ന് പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍െറ കഥാപാത്രത്തെയാണ് വെള്ളാപ്പള്ളി ഓര്‍മിപ്പിക്കുന്നതെന്നും വി.എസ് പറഞ്ഞു.

ദിവസങ്ങളായി വെള്ളാപ്പള്ളിയും വി.എസും തമ്മില്‍ വാക്പോര് തുടരുകയാണ്. സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധി യാത്രയാകുമെന്ന് വി.എസ് തിങ്കളാഴ്ച പരിഹസിച്ചിരുന്നു. ആറ്റിങ്ങലിലെ ത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ രൂപം നിക്കറും വെള്ള ഉടുപ്പുമായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 11,000 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ കയ്യിലുണ്ട്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഈ പണം മുഖ്യമന്തിക്ക് കൈമാറാന്‍ വെള്ളാപ്പള്ളി തയാറാകണമെന്നും വി.എസ് ആവശ്യപ്പെടുകയും ചെയ്തു.

വി.എസിന്‍റെ പരിഹാസത്തിന് വെള്ളാപ്പള്ളി തിരിച്ചടിച്ചിരുന്നു. കാലുപൊള്ളിയ കുരങ്ങനെ പോലെയാണ് വി.എസ് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പാര്‍ട്ടിയില്‍ ശവമായി കിടന്ന വി.എസിനെ ജനനേതാവാക്കിയത് എസ്.എന്‍.ഡി.പിയുടെ യാത്രയാണെന്ന് അവകാശപ്പെട്ട വെള്ളാപ്പള്ളി, എല്ലാവരും തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആരോപിച്ചു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.