മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ ഓഫിസിലേക്ക് പണം എത്തിച്ചത് അന്വേഷിക്കണമെന്ന് കോടതി

തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡില്‍ മദ്യവിപണനവുമായി ബന്ധപ്പെട്ട ഇന്‍സെന്‍റീവ് ഇനത്തിലും മൊബൈല്‍ വാഹനങ്ങള്‍ക്ക് ബോഡി കെട്ടിയതിലും ക്രമക്കേട് നടന്നതായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ വ്യക്തമാക്കി.  എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സിന്‍െറ ആവശ്യം കോടതി അംഗീകരിച്ചു.
കണ്‍സ്യൂമര്‍ ഫെഡിന് കിട്ടേണ്ട കമീഷന്‍ മറ്റ് ചിലര്‍ അടിച്ചുമാറ്റിയെന്നാണ് കണ്ടത്തെല്‍. മദ്യവില്‍പന കുതിച്ചുയര്‍ന്നിട്ടും ഇന്‍സെന്‍റീവില്‍ വലിയ കുറവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.  കേസ് മേയ് നാലിന് വീണ്ടും പരിഗണിക്കും.
 ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കണ്‍സ്യൂമര്‍ ഫെഡ് തൃശൂരിലെ വിദേശമദ്യ ഒൗട്ട്ലെറ്റില്‍നിന്നും ഒരുലക്ഷം രൂപ മന്ത്രിയുടെ ഓഫിസിലേക്ക് കൊടുത്തയച്ചുവെന്ന ആക്ഷേപം അന്വേഷിക്കാന്‍ ഉത്തരവിട്ടു. മേയ് നാലിന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ നിര്‍ദേശിച്ചു.
മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എട്ടാം എതിര്‍ കക്ഷിയായ കേസില്‍ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ പ്രസിഡന്‍റ് ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി. സനില്‍കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എം.ഡി റിജി ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍, മുന്‍ റീജനല്‍ മാനേജര്‍മാരായ എം. ഷാജി, സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരാണ് ഒന്നുമുതല്‍ ഏഴ് വരെ എതിര്‍കക്ഷികള്‍.
മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയിലാണ് ത്വരിതാന്വേഷണം നടക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്‍െറ തൃശൂര്‍ പടിഞ്ഞാറേകോട്ട വിദേശമദ്യ വില്‍പനശാലയില്‍നിന്നും ഒരുലക്ഷം രൂപ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ ഓഫിസിലേക്ക് കൈമാറിയെന്ന മിനുട്സിന്‍െറ പകര്‍പ്പ് സഹിതമായിരുന്നു പരാതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.