തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ സംരക്ഷിത അധ്യാപകരെ 11 തരം ഒഴിവുകളില്‍ പുനര്‍വിന്യസിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംരക്ഷിത അനധ്യാപകരുടെ പുനര്‍വിന്യാസത്തിനും ഇതില്‍ നിര്‍ദേശമുണ്ട്. തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന എല്‍.പി/യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകരെ സഹായിക്കുന്നതിന് തസ്തിക നഷ്ടപ്പെട്ടവരെ പുനര്‍വിന്യസിക്കാം. എസ്.എസ്.എ പോലുള്ള പ്രോജക്ടുകളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെടുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ഒഴിവുകളിലും ഇവരെ നിയമിക്കാം. എസ്.എസ്.എയുടെ കീഴില്‍ പഞ്ചായത്തുതല ക്ളസ്റ്റര്‍ കോഓഡിനേറ്റര്‍, ആര്‍.എം.എസ്.എ സ്കൂളുകളിലെ ഒഴിവുകള്‍, ഐ.ടി അറ്റ് സ്കൂളില്‍ വര്‍ക് അറേഞ്ച്മെന്‍റ് വ്യവസ്ഥയില്‍ തുടരുന്നവര്‍ക്ക് പകരം എന്നിവയിലേക്കും പുനര്‍വിന്യാസമാവാം.
എല്ലാവിദ്യാലയങ്ങളിലും സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതിനാല്‍ കല, കായിക, പ്രവര്‍ത്തി പരിചയം, തുന്നല്‍ തുടങ്ങിയ സ്പെഷലിസ്റ്റ് അധ്യാപകരെ ഒന്നിലധികം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ക്ളബ് ചെയ്ത് നിയമിക്കണം. ഇങനെ ചെയ്യുമ്പോള്‍ യു.പി വിഭാഗത്തിലുള്ളവരെ വീണ്ടും അവിടെ എല്‍.പി വിഭാഗത്തിലും തിരിച്ചും വിന്യസിക്കാം.
അക്കാദമിക മോണിറ്ററിങ് സമിതികളിലേക്ക് നിയമിക്കപ്പെടുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് പകരം (ക്ളാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍) തസ്തിക നഷ്ടപ്പെട്ടവരെ നിയമിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ അധ്യാപകര്‍/അനധ്യാപകരായ ജനപ്രതിനിധികളുടെ ദീര്‍ഘകാല അവധി ഒഴിവുകള്‍ ഉള്‍പ്പെടെ എയ്ഡഡ് അധ്യാപക/അനധ്യാപകരുടെ മൂന്ന് മാസത്തില്‍ അധികമുള്ള ഒഴിവുകളിലേക്കും പുനര്‍വിന്യാസമാകാം. മൂന്ന് മാസത്തില്‍ അധികമുള്ള ഇന്‍സര്‍വിസ് കോഴ്സുകള്‍ക്ക് പോകുന്നവര്‍ക്ക് പകരവും റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത തസ്തികകളില്‍ റെഗുലര്‍ നിയമനം നടക്കുന്നത് വരെയും പുനര്‍വിന്യസിക്കാം.
പുതുതായി ആരംഭിക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്ത സ്കൂളുകളില്‍ 2016-17 വര്‍ഷം മുതല്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്കും നിയമനം നടത്താം. അനധ്യാപക സംരക്ഷിത ജീവനക്കാരെ എസ്.എസ്.എ, ആര്‍.എം.എസ്.എ തുടങ്ങിയ പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ പുനര്‍വിന്യസിക്കണം. പുനര്‍വിന്യാസത്തിന് ഒരുജില്ലയില്‍ സംരക്ഷിത അധ്യാപകന്‍ ലഭ്യമല്ളെങ്കില്‍ ഇതര ജില്ലകളിലെ സംരക്ഷിത അധ്യാപക പട്ടികയില്‍നിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിക്കണം. 2015-16 അധ്യയനവര്‍ഷത്തെ തസ്തികനിര്‍ണയം തന്നെ 2016 -17 അധ്യയനവര്‍ഷവും ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ പിന്നീട് പുറപ്പെടുവിക്കും. സംസ്ഥാനത്താകെ 3800ഓളം അധ്യാപകരാണ് തസ്തിക നഷ്ടപ്പെട്ടവരായുള്ളത്. ഇവരില്‍ ഭൂരിഭാഗത്തിനും ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഇവരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാകുന്ന മുറക്ക് ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.